

കൊല്ലപ്പെട്ട ഭാര്യ ആധാറിൽ മാറ്റം വരുത്താൻ ശ്രമിച്ചു; കൊലക്കേസ് കലങ്ങിത്തെളിഞ്ഞത് 'ഒടിപി' വഴി
ലക്നൗ: ഉത്തർപ്രദേശിൽ വർഷങ്ങളായി അന്വേഷണം നടന്നിരുന്ന കൊലക്കേസിൽ ട്വിസ്റ്റ് ആയി ആധാർ കാർഡ് ഒടിപി. കൊല്ലപ്പെട്ടുവെന്ന കരുതിയ പ്രിയങ്ക പ്രജാപതി എന്ന യുവതി ആധാർ കാർഡിൽ മാറ്റം വരുത്താൻ ശ്രമിച്ചതോടെയാണ് കേസിൽ വെളിച്ചം വീണത്. പ്രിയങ്കയുടെ ഭർത്താവ് സന്ദീപ് കുമാറിന്‍റെ മൊബൈൽ ഫോൺ നമ്പറിലേക്കാണ് ആധാർ കാർഡ് മാറ്റുന്നതിനുള്ള ഒടിപി എത്തിയത്. ഇതോടെ രാജസ്ഥാനിലെത്തി പൊലീസ് യുവതിയെ പിടികൂടി.
2017ലാണ് സന്ദീപ് കുമാർ പ്രിയങ്കയെ വിവാഹം കഴിച്ചത്. ഇരുവർക്കും ഒരു മകനുമുണ്ട്. 2024 ജൂലൈയിൽ പ്രിയങ്ക സന്ദീപിന്‍റെ വീട്ടിൽ നിന്ന് സ്വന്തം ആഭരണങ്ങളുമായി സ്വന്തം വീട്ടിലേക്ക് പോയി. ദിവസങ്ങൾക്കു ശേഷം സന്ദീപ് ഭാര്യയെയും മകനെയും കാണാനായി ഭാര്യയുടെ വീട്ടിലെത്തിയപ്പോൾ ഇരുവരും വീട്ടിൽ നിന്ന് പോയെന്നായിരുന്നു മറുപടി. എന്നാൽ പ്രിയങ്കയുടെ കൈയിൽ ഉണ്ടായിരുന്ന സ്വർണം സ്വന്തമാക്കുന്നതിനായി പ്രിയങ്കയുടെ പിതാവ് അവളെ കൊന്നുവെന്നും കുഞ്ഞിനെ സരയു നദിയിൽ ഒഴുക്കിയെന്നും നാട്ടിൽ കഥ പ്രചരിച്ചു.
നവംബറിൽ ഭാര്യയുടെ കുടുംബക്കാർക്കെതിരേ സന്ദീപ് കോടതിയെ സമീപിച്ചു. ഭാര്യാ പിതാവ് ദയാറാം, മാതാവ് ശുഭാവതി ദേവി, അമ്മാവന്‍റെ മകൾ സഞ്ജന, എന്നിവർക്കെതിരേയാണ് കൊലപാതകം തെളിവു നശിപ്പിക്കൽ എന്നിവ ചൂണ്ടിക്കാട്ടി കേസു കൊടുത്തത്.
രണ്ടു വർഷമായി കേസിൽ അന്വേഷണം നടന്നു കൊണ്ടിരിക്കുകയാണ്. അതിനിടെയാണ് പ്രിയങ്കയുടെ ആധാർ കാർഡ് മാറ്റത്തിനായുള്ള ഒടിപി സന്ദീപിന്‍റെ ഫോണിലെത്തിയത്. പൊലീസിന്‍റെ അന്വേഷണത്തിനൊടുവിൽ രാജസ്ഥാനിൽ നിന്ന് പ്രിയങ്കയെ കണ്ടെത്തി. ഭർത്താവിന്‍റെ വീട്ടിൽ നിന്ന് സ്വന്തം വീട്ടിലെത്തിയ പ്രിയങ്ക മണിക്കൂറുകൾക്കുള്ളിൽ തന്നെ അവിടെ നിന്നിറങ്ങിയിരുന്നു. ജീവനൊടുക്കാൻ തന്നെയായിരുന്നു ശ്രമം. പല തവണ മരിക്കാൻ ശ്രമിച്ചിട്ടും പരാജയപ്പെട്ടുവെന്നും അതോടെ അയോധ്യയിലെത്തി ഭഗവാന്‍റെ അനുഗ്രഹം തേടാമെന്ന് തീരുമാനിച്ചുവെന്നും പ്രിയങ്ക മൊഴി നൽകി. അയോധ്യയിൽ വച്ച് രാജസ്ഥാനിൽ നിന്നെത്തിയ മംഗൾ ചന്ദ്രയെ കാണുകയും ഇരുവരും പ്രണയത്തിലാകുകയും ചെയ്തു. രണ്ടു വർഷമായി ഇരുവരും രാജസ്ഥാനിൽ ഭാര്യാഭർത്താക്കന്മാരായി കഴിയുകയായിരുന്നു.
അതിനിടെയാണ് ആധാറിൽ മാറ്റം വരുത്താൻ ശ്രമിച്ചതും എല്ലാം വെളിച്ചത്തായതും. പ്രിയങ്കയ്ക്കൊപ്പമുള്ള തന്‍റെ കുഞ്ഞിനെ തനിക്ക് വിട്ടു തരാൻ ആവശ്യപ്പെട്ടിരിക്കുകയാണിപ്പോൾ സന്ദീപ്.