

പർവീന്ദർ സിങ് ജോട്ട (ഇടത്), വെടിയുതിർക്കുന്നതിന്റെ ദൃശ്യം (വലത്)
മൻസാ (പഞ്ചാബ്): ലഹരിവിരുദ്ധ പ്രവർത്തകൻ പർവീന്ദർ സിങ് എന്ന ജോട്ടയുടെ കൊലപാതകത്തിൽ പ്രതിയായ മെഡിക്കൽ ഷോപ്പ് ഉടമ അശ്വനി കുമാറിനെതിരായ പ്രതിഷേധം പഞ്ചാബിലെ മൻസാ നഗരത്തിൽ ശക്തമായി. ബുധനാഴ്ച പ്രതിയുടെ വീടിന്റെ ഒരു ഭാഗം അധികൃതർ ബുൾഡോസർ ഉപയോഗിച്ച് പൊളിച്ചു. പിന്നാലെ വീടിന് സമീപത്തെ പ്രതിയുടെ മെഡിക്കൽ ഷോപ്പ് ജനക്കൂട്ടം അടിച്ചുതകർക്കുകയും തീയിടുകയും ചെയ്തു.
വീർ നഗറിലുള്ള അശ്വനി കുമാറിന്റെ വീടിന്റെ മുൻഭാഗമാണ് എക്സ്കവേറ്റർ ഉപയോഗിച്ച് പൊളിച്ചത്. അനധികൃത നിർമാണത്തെക്കുറിച്ച് വിവരം ലഭിച്ചതിനെ തുടർന്നാണ് നടപടിയെന്ന് പൊലീസ് പറഞ്ഞു. പൊളിക്കൽ കാണാൻ വൻജനക്കൂട്ടം തടിച്ചുകൂടിയിരുന്നു.
വീട്ടിൽ നിന്ന് ഏകദേശം 700 മീറ്റർ അകലെയുള്ള പ്രതിയുടെ മെഡിക്കൽ ഷോപ്പിലും പൊളിക്കൽ നടപടി ആരംഭിച്ചിരുന്നു. ഇതിനിടെ ചില നിഹാംഗുകൾ ഉൾപ്പെടെയുള്ള ജനക്കൂട്ടം കടയ്ക്കുനേരേ തിരിഞ്ഞു. വാളുകളും വടികളും കല്ലുകളും ഉപയോഗിച്ച് കട അടിച്ചുതകർത്തു. തുടർന്ന് ഫർണിച്ചറുകൾ ഉൾപ്പെടെ കടയ്ക്ക് തീയിട്ടു. വൻ പൊലീസ് സന്നാഹം ഉണ്ടായിരിക്കെയാണ് ജനക്കൂട്ടത്തിന്റെ നടപടി.
ലഹരിമരുന്നുകളുടെ ദുരുപയോഗത്തിനും മെഡിക്കൽ ഷോപ്പുകൾ വഴിയുള്ള ലഹരിവസ്തുക്കളുടെ അനധികൃത വിൽപ്പനയ്ക്കുമെതിരേ പ്രവർത്തിച്ചിരുന്നയാളാണ് ജോട്ട. ചൊവ്വാഴ്ചയാണ് മെഡിക്കൽ ഷോപ്പിൽ വച്ച് ഇദ്ദേഹം അശ്വിനി കുമാറിന്റെ വെടിയേറ്റ് കൊല്ലപ്പെട്ടത്.
രാജസ്ഥാനിലെ സലാസറിൽ നിന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തതെന്ന് പൊലീസ് അറിയിച്ചു. പ്രതിയെ രക്ഷപ്പെടാൻ സഹായിച്ച ഇയാളുടെ കൂട്ടാളിയെയും പൊലീസ് പിടികൂടിയിരുന്നു.
കൊലപാതകത്തെ തുടർന്ന് നഗരത്തിൽ സംഘർഷാവസ്ഥ നിലനിൽക്കുകയാണ്. പ്രതിഷേധസൂചകമായി ജോട്ടയുടെ മൃതദേഹം സംസ്കരിക്കാൻ കുടുംബം വിസമ്മതിച്ചിരുന്നു.
സംഭവത്തിൽ ആം ആദ്മി പാർട്ടി സർക്കാരിനെതിരേ പ്രതിപക്ഷം രൂക്ഷവിമർശനവുമായി രംഗത്തെത്തി. സംസ്ഥാനത്ത് ക്രമസമാധാനം തകർന്നെന്നും 'ജംഗിൾ രാജ്' നിലനിൽക്കുകയാണെന്നും അവർ ആരോപിച്ചു.