നെന്മാറ ഇരട്ടക്കൊല: ചെന്താമരയ്ക്ക് വധശിക്ഷ

കേസ് അപൂർവങ്ങളിൽ അപൂർവമാണെന്നും പ്രതിക്ക് യാതൊരു വിധത്തിലുള്ള പശ്ചാത്താപവുമില്ലാത്തതിനാൽ മാനസാന്തരത്തിന് സാധ്യതയില്ലെന്നും കോടതി നിരീക്ഷിച്ചു.
Nenmara Double Murder: Death Sentence for Chenthamara

ചെന്താമര.

Updated on

പാലക്കാട്: നെന്മാറ ഇരട്ടക്കൊലക്കേസിൽ പ്രതി ചെന്താമരയ്ക്ക് വധശിക്ഷ വിധിച്ച് പാലക്കാട് അഡീഷണൽ സെഷൻസ് കോടതി. 20 ലക്ഷം രൂപ പിഴയടയ്ക്കാനും വിധിച്ചിട്ടുണ്ട്. പിഴ അടയ്ക്കാത്ത പക്ഷം മൂന്നു വർഷം കൂടുതൽ ശിക്ഷ അനുഭവിക്കേണ്ടി വരും.

2019 ഓഗസ്റ്റ് 31നാണ് പോത്തുണ്ടി തിരുത്തമ്പാടം ബോയൻസ് കോളനിയിലെ 35 വയസുള്ള സജിത‌യെ ചെന്താമര വെട്ടിക്കൊലപ്പെടുത്തിയത്. സജിതയുടെ മക്കളും ഭർത്താവും വീട്ടിലില്ലാത്ത സമയത്തായിരുന്നു കൊലപാതകം. പാചകം ചെയ്തു കൊണ്ടിരുന്ന സജിതയെ ചെന്താമര കൊടുവാൾ കൊണ്ട് പല തവണ വെട്ടുകയായിരുന്നു.

ഈ കേസിൽ 5 വർഷത്തിന് ശേഷം ജാമ്യത്തിലിറങ്ങിയ പ്രതി 2025 ജനുവരി 27ന്, കൊല്ലപ്പെട്ട സജിതയുടെ ഭർത്താവ് സുധാകരൻ (55), അമ്മ ലക്ഷ്മി(75) എന്നിവരെയും വെട്ടിക്കൊന്നു.

കേസ് അപൂർവങ്ങളിൽ അപൂർവമാണെന്നും പ്രതിക്ക് യാതൊരു വിധത്തിലുള്ള പശ്ചാത്താപവുമില്ലാത്തതിനാൽ മാനസാന്തരത്തിന് സാധ്യതയില്ലെന്നും കോടതി നിരീക്ഷിച്ചു. കൊല്ലപ്പെട്ട സുധാകരന്‍റെ മക്കൾക്ക് പ്രതിയുടെ ഭീഷണിയുള്ള സാഹചര്യമാണെന്നും കോടതി വിലയിരുത്തി.

ചെന്താമരയ്ക്ക് മാനസിക പ്രശ്നമില്ലെന്ന് വ്യക്തമാക്കിക്കൊണ്ടുള്ള റിപ്പോർട്ടും കോടതി ശരിവച്ചു. കേസിൽ പ്രതി കുറ്റക്കാരനാണെന്ന് കോടതി നേരത്തെ കണ്ടെത്തിയിരുന്നു. വിചാരണക്കോടതിക്കു നൽകാനാകുന്ന പരമാവധി ശിക്ഷയാണ് കോടതി വിധിച്ചിരിക്കുന്നത്.

ചെന്താമരയുടെ ഭാര്യയും മകളും വീട്ടിൽ നിന്നിറങ്ങിപ്പോയത് സജിതയുടെ ദുർമന്ത്രവാദം മൂലമാണെന്ന സംശയമാണ് കൊലയിലേക്ക് നയിച്ചത്. വീടിന് എതിർവശത്ത് താമസിക്കുന്ന നീളൻ മുടിയുള്ള സ്ത്രീയാണ് കുടുംബ കലഹത്തിന് കാരണമെന്ന് ജോത്സ്യൻ പറഞ്ഞതിനു പിന്നാലെയാണ് 2019 ൽ സജിതയെ ചെന്താമര കൊലപ്പെടുത്തിയതെന്നാണ് കണ്ടെത്തൽ.

ചെന്താമര മന്ത്രവാദത്തിന് അടിമയായിരുന്നെന്നും കിട്ടുന്ന പണമെല്ലാം പൂജയ്ക്കും മറ്റുമായി ചെലവാക്കി തീർക്കുമായിരുന്നെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. കോടതിയിൽ യാതൊരു കുറ്റബോധവുമില്ലാതെയാണ് ചെന്താമര സംസാരിച്ചിരുന്നത്.

ഒരു ചെകിടത്ത് അടിച്ചാല്‍ മറ്റേ ചെകിടും കാണിക്കാന്‍ താന്‍ ഗാന്ധിജി അല്ലെന്നായിരുന്നു കുറ്റക്കാരനെന്നു കണ്ടെത്തിയപ്പോൾ ചെന്താമരയുടെ പ്രതികരണം. വേണ്ടി വന്നാല്‍ ഇനിയും ആളുകളെ കൊല്ലുമെന്നും ചെന്താമര അന്നു കോടതിയില്‍ പറഞ്ഞു.

എഴുതാന്‍ പറ്റുന്നത് എഴുതിക്കോ, എനിക്കൊരു പ്രശ്നവുമില്ല എന്നാണ് ചെന്താമര ജഡ്ജിയോട് പറഞ്ഞത്. ഇങ്ങനെ അവസ്ഥ നിങ്ങൾക്കും വരണം, അപ്പോൾ അറിയാം. എനിക്ക് തടസം നിന്നാൽ ഇങ്ങനെ ആയിരിക്കും പെരുമാറ്റമെന്നും ചെന്താമര വെല്ലുവിളിച്ചിരുന്നു.

logo
Metro Vaartha
www.metrovaartha.com