
നെന്മാറ സജിത വധം: ചെന്താമര കുറ്റക്കാരൻ, ശിക്ഷാ വിധി വ്യാഴാഴ്ച
പാലക്കാട്: നെന്മാറ പോത്തുണ്ടി സജിത വധക്കേസിൽ അയൽവാസി ചെന്താമര കുറ്റക്കാരനെന്ന് വിധിച്ച് കോടതി. പാലക്കാട് അഡീഷണൽ ജില്ലാ കോടതിയുടേതാണ് വിധി. ശിക്ഷാ വിധി വ്യാഴാഴ്ച പ്രഖ്യാപിക്കും. അക്ഷോഭ്യനായാണ് ചെന്താമര വിധി കേട്ടത്. എന്തെങ്കിലും പറയാനുണ്ടോ എന്ന കോടതിയുടെ ചോദ്യത്തിന് ഒന്നും പറയാനില്ലെന്നായിരുന്നു ചെന്താമരയുടെ മറുപടി. 2019 ഓഗസ്റ്റ് 31നാണ് പോത്തുണ്ടി തിരുത്തമ്പാടം ബോയൻസ് കോളനിയിലെ 35 വയസുള്ള സജിതയെ ചെന്താമര വെട്ടിക്കൊലപ്പെടുത്തിയത്. സംഭവത്തിനു ശേഷം ചെന്താമര പുറത്തേക്കിറങ്ങി വരുന്നത് കണ്ടുവെന്ന് പ്രധാന സാക്ഷിയായ പുഷ്പ മൊഴി നൽകിയിരുന്നു.
ചെന്താമരയുടെ ഭാര്യയും മകളും വീട്ടിൽ നിന്നിറങ്ങിപ്പോയത് സജിതയുടെ ദുർമന്ത്രവാദം മൂലമാണെന്ന സംശയമാണ് കൊലയിലേക്ക് നയിച്ചത്. സജിതയുടെ മക്കളും ഭർത്താവും വീട്ടിലില്ലാത്ത സമയത്താണ് കൊലപാതകം നടന്നത്. പാചകം ചെയ്തു കൊണ്ടിരുന്ന സജിതയെ ചെന്താമര കൊടുവാളു കൊണ്ട് പല തവണ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. മരിച്ചെന്നുറപ്പായതോടെ ഇയാൾ ഒളിവിൽ പോയി. പക്ഷേ വൈകാതെ തന്നെ പൊലീസിന്‍റെ പിടിയിലായി. കേസിലെ പ്രധാന പ്രതിയായ പുഷ്പയെ കൊലപ്പെടുത്തുമെന്ന് ചെന്താമര ഭീഷണിപ്പെടുത്തിയിരുന്നു. ഇതേ തുടർന്ന് സാക്ഷി നാടു വിട്ടു.
കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതി 2025 ജനുവരി 27ന് കൊല്ലപ്പെട്ട സജിതയുടെ ഭർത്താവ് സുധാകരൻ (55), അമ്മ ലക്ഷ്മി(75) എന്നിവരെയും വെട്ടിക്കൊലപ്പെടുത്തിയിരുന്നു. ഈ കേസിൽ വൈകാതെ വിചാരണ ആരംഭിക്കും.
പ്രതിയുടെ ഭാര്യയുടെയും സജിതയുടെ മകളുടെയും ഉൾപ്പെടെ 68 പേരുടെ സാക്ഷിമൊഴിയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.