
തിരുവനന്തപുരം: പാലോട് നവവധു ഇന്ദുജ ആത്മഹത്യ ചെയ്ത കേസിൽ ഭർത്താവ് അഭിജിത്തും സുഹൃത്ത് അജാസും അറസ്റ്റിൽ. ഇരുവരെയും പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇന്ദുജയുടെ അച്ഛന്‍ മരണത്തിൽ ദുരൂഹത ആരോപിച്ച് നൽകിയ പരാതിയിലാണ് അഭിജിത്തിനെ അറസ്റ്റു ചെയ്തത്. പാലോട് കൊന്നമൂട് സ്വദേശി ഇന്ദുജയെ വെള്ളിയാഴ്ച ഉച്ചയ്ക്ക് 1.30-ന് ഭര്‍ത്താവ് അഭിജിത്തിന്‍റെ വീട്ടിലെ രണ്ടാമത്തെ നിലയിലെ ബെഡ്‌റൂമില്‍ ജനലില്‍ തൂങ്ങിയ നിലയിലാണ് കണ്ടെത്തിയത്.
അഭിജിത്ത് ഉച്ചയ്ക്ക് വീട്ടില്‍ ഭക്ഷണം കഴിക്കാനായി വീട്ടില്‍ എത്തിയപ്പോഴാണ് സംഭവം അറിയുന്നത്. വീട്ടില്‍ അഭിജിത്തിന്‍റെ അമ്മൂമ്മ മാത്രമേ ഉണ്ടായിരുന്നുള്ളു. ഉടന്‍ തന്നെ നെടുമങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
ഭർത്താവ് അഭിജിത്തിനെതിരേ ഭർതൃ പീഡനം, ദേഹോപദ്രേവം, ആത്മഹത്യാ പ്രേരണ തുടങ്ങിയ കുറ്റങ്ങളും അജാസിനെതിരേ പട്ടിക ജാതി പീഡനം, മർദനം, ആത്മഹത്യ പ്രേരണ കുറ്റം എന്നിവയാണ് ചുമത്തിയിരിക്കുന്നത്.
ഇന്ദുജയുടെ ഫോണിലേക്കു വന്ന അവസാന കോൾ അജാസിന്‍റേതാണ്. തൊട്ടു പിന്നാലെ ഇന്ദുജ ആത്മഹത്യ ചെയ്യുകയും ചെയ്തു. ഇന്ദുജയെ അജാസ് മർദിച്ചിരുന്നു. കസ്റ്റഡിയില്‍ എടുത്തപ്പോള്‍ ഇരുവരുടേയും ഫോണിലെ വാട്സാപ്പ് ചാറ്റുകളെല്ലാം ഡിലീറ്റ് ചെയ്ത നിലയിലായിരുന്നു. മരിച്ച ഇന്ദുജയുടെ കണ്ണിന് താഴെയും തോളിലുമായി മര്‍ദനത്തിന്‍റെ പാടുകളുണ്ടായിരുന്നു.