നിംബാൽക്കർ വധം: 20 വർഷത്തെ വിചാരണ, എട്ട് പ്രതികളെയും വെറുതേ വിട്ട് കോടതി

2006 ജൂൺ 3ന് മുംബൈയിൽ നിന്ന് ഒസ്മനാബാദിലേക്ക് സഞ്ചരിക്കുന്നതിനിടെയാണ് നിംബാൽക്കറും ഡ്രൈവർ സമദ് കാസിയും കൊല്ലപ്പെട്ടത്
Nimbalkar murder: After 20 years of trial, court acquits all eight accused

നിംബാൽക്കർ വധം: 20 വർഷത്തെ വിചാരണ, എട്ട് പ്രതികളെയും വെറുതേ വിട്ട് കോടതി

Updated on

മുംബൈ: ഇരുപതു വർഷം നീണ്ടു നിന്ന വിചാരണയ്ക്കൊടുവിൽ കോൺഗ്രസ് നേതാവ് പവാൻരാജെ നിംബാൽക്കർ വധക്കേസിൽ മഹാരാഷ്ട്ര മുൻ ആഭ്യന്തര മന്ത്രി പദ്മസിങ് പാട്ടീൽ ഉൾപ്പെടെ ഏഴു പ്രതികളെയും വെറുതേ വിട്ട് പ്രത്യേക കോടതി. 2006ലാണ് പദ്മസിങ് പാട്ടീലിന്‍റെ ബന്ധു കൂടിയായ നിംബാൽക്കറും ഡ്രൈവറും കൊല്ലപ്പെട്ടത്. കൊലപാതകത്തിനു പിന്നിലെ ഗൂഢാലോചന തെളിയിക്കാൻ പ്രോസിക്യൂഷന് കഴിയാതെ വന്നതോടെയാണ് പ്രതികളെല്ലാം കുറ്റവിമുക്തരായത്.

പ്രധാന സാക്ഷിയുടെ മൊഴിയിൽ വൈരുദ്ധം കണ്ടെത്തിയതും കേസിനെ ദുർബലമാക്കി. നവി മുംബൈ പൊലീസിൽ നിന്ന് 2009ൽ സിബിഐ കേസ് ഏറ്റെടുത്തിരുന്നു. എന്നാൽ മൊബൈൽ ഫോണുകളോ കോൾ റെക്കോഡുകളോ ഉൾപ്പെടെയുള്ള നിർണായ ഡിജിറ്റൽ തെളിവുകൾ കണ്ടെത്താൻ അന്വേഷണ സംഘത്തിന് കഴിഞ്ഞില്ല. ഗൂഢാലോചന തെളിയിക്കാൻ സാധിക്കാത്ത സാഹചര്യത്തിലാണ് ജഡ്ജി സത്യനാരായൺ നവാൻഡർ എല്ലാ പ്രതികളെയും കുറ്റവിമുക്തരാക്കിയത്.

2006 ജൂൺ 3ന് മുംബൈയിൽ നിന്ന് ഒസ്മനാബാദിലേക്ക് സഞ്ചരിക്കുന്നതിനിടെയാണ് നിംബാൽക്കറും ഡ്രൈവർ സമദ് കാസിയും കൊല്ലപ്പെട്ടത്. നവി മുംബൈയിലെ കലമ്പോളിയിൽ വച്ച് രണ്ട് പേർ കാർ തടഞ്ഞ് വെടിയുതിർക്കുകയായിരുന്നു. സിബിഐ കേസ് ഏറ്റെടുത്തതിനു പിന്നാലെ 2009 ജൂണിലാണ് പാട്ടീൽ അറസ്റ്റിലായത്. രാഷ്‌ട്രീയ വൈരാഗ്യം മൂലം നിംബാൽക്കറിനെ വധിക്കാൻ പാട്ടീൽ വാടകക്കൊലയാളികളെ സമീപിച്ചുവെന്നാണ് സിബിഐ കണ്ടെത്തിയത്.

കൊലപാതകത്തിനു വേണ്ടി 30 ലക്ഷം വാങ്ങിയ പരസ്മാൽ ജയിൻ പിന്നീട് മാപ്പ് സാക്ഷിയായി. അണ്ണാ ഹസാരെയെയും ഇത്തരത്തിൽ കൊല്ലാൻ ഗൂഢാലോചന നടത്തിയെന്ന വെളിപ്പെടുത്തലിനെ തുടർന്ന് അണ്ണാ ഹസാരെയുടെ മൊഴിയും രേഖപ്പെടുത്തിയിരുന്നു. പാട്ടീലിനു പുറമേ ലാത്തൂരിലെ ബിസിനസുകാരായ സതീഷ് മാൻഡേഡ്, വിരമിച്ച എക്സൈസ് ഇൻസ്പെക്റ്റർ മോഹൻ ശുക്ല, ദിനേഷ് തീവാരി, മഹതം ചൗധരി, കൈലാഷ് യാദവ്, ജ്ഞാനേന്ദ്ര പാണ്ഡേ, ശശികാന്ത് കുൽക്കർണി എന്നിവരും പ്രതികളായിരുന്നു. വിധിക്കെതിരേ ബോംബേ ഹൈക്കോടതിയെ സമീപിക്കാനാണ് സിബിഐ തീരുമാനിച്ചിരിക്കുന്നത്.

logo
Metro Vaartha
www.metrovaartha.com