

സുരേന്ദ്ര കോലി
ന്യൂഡൽഹി: നിതാരി കൂട്ടക്കൊലയുമായി ബന്ധപ്പെട്ട അവസാനത്തെ കേസിൽ നിന്നും സുരേന്ദ്ര കോലിയെ കുറ്റവിമുക്തനാക്കി സുപ്രീം കോടതി വിധി. ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായ്, ജസ്റ്റിസ്മാരായ സൂര്യകാന്ത്, വിക്രം നാഥ് എന്നിവരടങ്ങുന്ന ബെഞ്ചിന്‍റേതാണ് വിധി. തെളിവുകളുടെ അഭാവവും അന്വേഷണത്തിൽ വന്ന പിഴവുമാണ് കോലിയെ ജയിലിനു പുറത്തെത്തിച്ചിരിക്കുന്നതെന്ന് ആരോപണമുയരുന്നുണ്ട്. 2006ൽ നിതാരി ഗ്രാമത്തിലെ വ്യവസായിയായ മൊനീന്ദർ സിങ് പാന്ഥറുടെ വീടിനു പുറകിലുള്ള കാനയിൽ നിന്ന് എട്ടു കുട്ടികളുടെ അസ്ഥികൂടങ്ങൾ ലഭിച്ചതോടെയാണ് കൊലക്കേസിൽ അന്വേഷണം ആരംഭിച്ചത്. ആ സമയത്ത് പാന്ഥറുടെ വീട്ടിലെ ജോലിക്കാരനായിരുന്നു സുരേന്ദ്ര കോലി. ബലാത്സംഗം, കൊലപാതകം, നരഭോജനം തുടങ്ങിയ കുറ്റങ്ങൾ ചുമത്തി 13 കേസുകളാണ് ഫയൽ ചെയ്തിരുന്നത്. അതിൽ 12 കേസുകളിൽ നിന്നും കോലിയെ കോടതി നേരത്തേ കുറ്റവിമുക്തനാക്കിയിരുന്നു.
നോയിഡയിലെ നിതാരി എന്ന ഗ്രാമത്തിൽ 15 വയസുള്ള പെൺകുട്ടി ബലാത്സംഗം ചെയ്യപ്പെട്ട കൊല്ലപ്പെട്ട കേസിൽ 2011 ഫെബ്രുവരിയിലാണ് കോലിയെ കുറ്റക്കാരനായി കണ്ടെത്തിയത്. 2014ൽ വിധിയിൽ പുനപ്പരിശോധന ആവശ്യപ്പെട്ടു കൊണ്ടുള്ള ഹർജി സുപ്രീം കോടതി തള്ളിയിരുന്നു. എന്നാൽ 2015 ജനുവരിയിൽ അലഹാബാദ് ഹൈക്കോടതി കോലിയുടെ വധശിക്ഷ ജീവപര്യന്തമായി കുറച്ചു. ദയാഹർജിയിൽ തീരുമാനം വൈകുന്നതായിരുന്നു കാരണം.
2023 ഒക്റ്റോബറിൽ നിതാരികൂട്ടക്കൊലയുമായി ബന്ധപ്പെട്ട നിരവധി കേസുകളിൽ നിന്ന് കോലിയെയും കൂട്ടുപ്രതിയായ പാന്ഥറിനെയും അലഹാബാദ് കോടതി കുറ്റവിമുക്തരാക്കി. കോലിയെ 12 കേസുകളിൽ നിന്നും പാൻഥറിനെ 2 കേസുകളിൽ നിന്നുമാണ് കുറ്റവിമുക്തരാക്കിയത്. ഇതിനെതിരേ സിബിഐയും ഇരയുടെ കുടുംബവും സുപ്രീം കോടതിയെ സമീപിച്ചിരുന്നു. പക്ഷേ എല്ലാ ഹർജികളും സുപ്രീം കോടതി തള്ളി. മറ്റു കേസുകളിൽ എല്ലാം കുറ്റവിമുക്തനായ പ്രത്യേക സാഹചര്യത്തിലാണ് സുപ്രീം കോടതി കോലിയുടെ ഹർജി പരിഗണിച്ചത്.