ജയിൽ വളപ്പിൽ കുപ്പിയിലാക്കി കുഴിച്ചിട്ട നിലയിൽ ഫോൺ കണ്ടെത്തി

കണ്ണൂർ സെൻട്രൽ ജയിലിലെ അഞ്ചാം ബ്ലോക്കിന് സമീപം കുഴിച്ചിട്ട കുപ്പിയിൽ നിന്ന് മൊബൈൽ ഫോണും പവർ ബാങ്കും സിം കാർഡും ഉൾപ്പെടെ ഉപകരണങ്ങൾ പിടികൂടി
Kannur Jail: Mobile phone found buried in bottle

കണ്ണൂർ സെൻട്രൽ ജയിലിൽ മൊബൈൽ ഫോൺ പിടികൂടി.

Representative image

Updated on

കണ്ണൂർ: കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നു വീണ്ടും മൊബൈൽ ഫോൺ പിടികൂടി. അഞ്ചാം ബ്ലോക്കിലെ പുതിയ കുളിമുറിക്ക് സമീപം കുപ്പിയിലാക്കി കുഴിച്ചിട്ട നിലയിലാണ് മൊബൈൽ ഫോൺ കണ്ടെത്തിയത്. ഇതിനു പുറമെ പവർ ബാങ്ക്, സിം കാർഡ്, ചാർജിങ് കേബിൾ, ഹെഡ്സെറ്റ് തുടങ്ങിയവയും കുപ്പിയിൽനിന്ന് കണ്ടെടുത്തു.

കുളിമുറിക്കു പുറത്ത് മണ്ണിളകിയ നിലയിൽ കണ്ടെത്തിയതിനെത്തുടർന്നു ജയിൽ ജീവനക്കാർ നടത്തിയ പരിശോധനയാണ് ഫോൺ കണ്ടെത്തുന്നതിലേക്കു നയിച്ചത്. തടവുകാരെ ചോദ്യം ചെയ്തെങ്കിലും കാര്യമായ ഫലമുണ്ടായില്ല. തുടർന്നു ജയിൽ ജോയിന്‍റ് സൂപ്രണ്ട് നൽകിയ പരാതിയിൽ കണ്ണൂർ ടൗൺ പൊലീസ് കേസെടുത്തു.

മാസങ്ങൾക്ക് മുൻപ് കണ്ണൂർ സെൻട്രൽ ജയിലിനകത്തേക്ക് മതിൽക്കെട്ടിന് മുകളിലൂടെ ലഹരി എറിഞ്ഞുകൊടുക്കുന്ന സംഘത്തെ പൊലീസ് പിടികൂടിയിരുന്നു.

ദേശീയപാതയോടു ചേർന്നുള്ള ജയിൽ മതിലിന് സമീപത്തുനിന്ന് തടവുകാർക്ക് ആവശ്യമായ വസ്തുക്കൾ എറിഞ്ഞുകൊടുക്കുന്നത് പതിവാണെന്ന് അന്ന് പിടികൂടിയവരെ ചോദ്യം ചെയ്തപ്പോൾ അറിവായിരുന്നു.

ആദ്യം കല്ലെറിഞ്ഞു സിഗ്നൽ നൽകും, തുടർന്ന് മൊബൈൽ ഫോണുകളും ലഹരിവസ്തുക്കളും മതിലിനു മുകളിലൂടെ എറിഞ്ഞുകൊടുക്കും. ഈ സേവനത്തിന് പുറത്തുള്ളവർക്ക് 1000 മുതൽ 2000 രൂപ വരെ, പ്രതിഫലം ലഭിക്കും. വിതരണം പൂർത്തിയായാൽ ഗൂഗിൾ പേയിലൂടെ പണം അയച്ചുകൊടുക്കലാണ് പതിവെന്നായിരുന്നു പിടിയിലായ യുവാവിന്‍റെ വെളിപ്പെടുത്തൽ.

logo
Metro Vaartha
www.metrovaartha.com