

ആർ. വീരമണി
ചെന്നൈ: ഗ്രാനൈറ്റ് വ‍്യവസായി ആർ. വീരമണിക്കെതിരായ പോക്സോ കേസിൽ പ്രധാന പ്രതിയായ പ്രകാശിന്‍റെ പാസ്പോർട്ട് കണ്ടുകെട്ടാനൊരുങ്ങി കേസ് അന്വേഷിക്കുന്ന പ്രത‍്യേക അന്വേഷണ സംഘം.
പ്രതി നിലവിൽ ഒളിവിലാണെന്നും യുകെയിലാണെന്നുമാണ് വിവരം. പ്രകാശിനെ തിരിച്ചെത്തിക്കാനുള്ള നീക്കങ്ങൾ നടന്നുവരുകയാണ്. 84കാരനായ വീരമണിയെ കേസിൽ അറസ്റ്റ് ചെയ്യുന്നതിൽ നിന്ന് രക്ഷിക്കാൻ പൊലീസ് ഉദ‍്യോഗസ്ഥരുമായി സാമ്പത്തിക ഇടപാടുകൾ നടത്തിയയാളാണ് പ്രകാശ്.
പ്രതികൾ വിദേശത്തേക്ക് കടക്കുന്നത് തടയാൻ 5 പേർക്കെതിരേ ലുക്ക്ഔട്ട് സർക്കുലർ പുറപ്പെടുവിച്ചിട്ടുണ്ട്. കേസിൽ അന്വേഷണം പൂർത്തിയാക്കി ഉടൻ തന്നെ കുറ്റപത്രം സമർപ്പിക്കാനുള്ള നടപടികൾ നടന്നുവരുകയാണെന്ന് പൊലീസ് ഉദ‍്യോഗസ്ഥൻ പറഞ്ഞു. ചെന്നൈയ്ക്ക് സമീപമുള്ള പുഴൽ സെൻട്രൽ ജയിലിൽ കഴിയുന്ന വീരമണിക്കെതിരേ 8 പോക്സോ കേസുകളാണ് എസ്ഐടി രജിസ്റ്റർ ചെയ്തിരുന്നത്.
കേസിലെ മറ്റു പ്രതികളായ മഹേന്ദ്ര സിംഹൻ, ഭാര‍്യ ശാന്തി, മുൻ ജീവനക്കാരൻ കൈലാഷ് എന്ന് വിളിക്കുന്ന ഗണേഷൻ എന്നിവരെ നേരത്തെ തന്നെ അറസ്റ്റ് ചെയ്തിരുന്നു. പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുന്നതിന്‍റെ ദൃശ‍്യങ്ങൾ ഉൾപ്പെടുന്ന പെൻഡ്രൈവ് കണ്ടെത്തിയതിനെത്തുടർന്നാണ് അന്വേഷണ ഉദ‍്യോഗസ്ഥർ വീരമണിക്കെതിരേ കേസെടുത്തത്.