
ഇൻഷുറൻസ് ക്ലെയിമിനായി ആവശ‍്യപ്പെട്ടത് 2,000 രൂപ; പൊലീസ് ഉദ‍്യോഗസ്ഥൻ വിജിലൻസ് പിടിയിൽ
തൃശൂർ: കൈക്കൂലി വാങ്ങുന്നതിനിടെ പൊലീസ് ഉദ‍്യോഗസ്ഥനെ വിജിലൻസ് പിടികൂടി. ഒല്ലൂർ പൊലീസ് സ്റ്റേഷനിലെ സിപിഒ സജീഷാണ് വിജിലൻസിന്‍റെ പിടിയിലായത്. വാഹനാപകടവുമായി ബന്ധപ്പെട്ട കേസിലായിരുന്നു കൈക്കൂലി. തമിഴ്നാട് സ്വദേശികൾക്കാണ് വാഹനാപകടത്തിൽ പരുക്കേറ്റത്.
കേസിൽ ഇൻഷുറൻസ് ക്ലെയിമുമായി ബന്ധപ്പെട്ട മതിയായ രേഖകൾ നൽകുന്നതിനായി തമിഴ്നാട് സ്വദേശികളുടെ അഭിഭാഷകന്‍റെ ഗുമസ്ഥനോടാണ് സജീഷ് 2,000 രൂപ ആവശ‍്യപ്പെട്ടത്.
തുടർന്ന് ഗുമസ്ഥൻ വിജിലൻസിനെ സമീപിക്കുകയും വിജിലൻസ് നൽകിയ നോട്ടുമായി പൊലീസ് സ്റ്റേഷനിലെത്തുകയുമായിരുന്നു.
സജീഷ് രേഖകൾ കൈമാറിയ ശേഷം പണം കൈപ്പറ്റിയ ഉടനെ വിജിലൻസ് സജീഷിനെ പിടികൂടുകയായിരുന്നു. വൈദ‍്യ പരിശോധനയ്ക്കു ശേഷം സജീഷിനെ തുടർനടപടികൾക്കായി വിജിലൻസ് ഓഫീസിലേക്ക് കൊണ്ടുപോയി.