ജന്മദിനത്തിൽ നടുറോഡിൽ ഭാര്യയെ വെടിവച്ച് കൊന്ന് പൊലീസുകാരൻ; സ്ത്രീധനത്തെ ചൊല്ലിയുള്ള തർക്കമെന്ന് കുടുംബം

മുൻപ് വനിതാ സെല്ലിൽ പരാതി നൽകിയെങ്കിലും ഒത്തുതീർപ്പാക്കുകയായിരുന്നെന്ന് കുടുംബം ആരോപിച്ചു
Policeman shoots wife dead in the middle of the road

നടുറോഡിൽ ഭാര്യയെ വെടിവച്ച് കൊന്ന് പൊലീസുകാരൻ

Updated on

ന്യൂഡൽഹി: നടുറോഡിൽ ഭാര്യയെ വെടിവച്ച് കൊന്ന് ഡൽഹി പൊലീസ് കോൺസ്റ്റബിൾ. ഡൽഹിയിലെ വിനോദ് നഗറിലാണ് സംഭവം.

അധ്യാപികയായ പ്രിയങ്ക (30)യാണ് കൊല്ലപ്പെട്ടത്. ഡൽഹി പൊലീസിലെ ആന്‍റി ഓട്ടോ തെഫ്റ്റ് സ്ക്വാഡ് അംഗമായ കോൺസ്റ്റബിൾ മനീഷ് ഭാട്ടിയാണ് കൃത്യം നടത്തിയത്. സംഭവത്തിനു ശേഷം ഇയാൾ ഒളിവിൽ പോയി.

കിഴക്കൻ ഡൽഹിയിലെ ന്യൂ വിനോദ് നഗറിലായിരുന്നു ദമ്പതികൾ താമസിച്ചിരുന്നത്. പ്രിയങ്കയുടെ ജന്മദിനമായ ഞായറാഴ്ച ഇരുവരും രാത്രി ബൈക്കിൽ പുറത്തുപോയപ്പോഴായിരുന്നു സംഭവം. യാത്രയ്ക്കിടെ ഇരുവരും തമ്മിൽ തർക്കം ഉണ്ടായപ്പോൾ മനീഷ് തോക്കെടുത്ത് ഭാര്യയെ വെടിവച്ച ശേഷം രക്ഷപ്പെടുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.

ഗുരുതരമായി പരുക്കേറ്റു ചോര വാർന്ന നിലയിൽ റോഡിൽ കിടക്കുകയായിരുന്ന യുവതിയെ അതുവഴി കടന്നുപോവുകയായിരുന്ന ഡെലിവെറി ബോയി ആണ് ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. പ്രതിയെ പിടികൂടാൻ പൊലീസ് വിവിധ സംഘങ്ങൾ രൂപീകരിച്ച് അന്വേഷണം ആരംഭിച്ചു.

2023ലാണ് ദമ്പതികൾ വിവാഹിതരായത്. അശോക് നഗറിലെ സ്വകാര്യ സ്കൂളിൽ അധ്യാപികയായി ജോലി ചെയ്യുകയായിരുന്നു പ്രിയങ്ക. വിവാഹത്തിനു പിന്നാലെ തന്നെ സ്ത്രീധനത്തെ ചൊല്ലി വഴക്ക് ആരംഭിച്ചിരുന്നുവെന്ന് പ്രിയങ്കയുടെ കുടുംബം ആരോപിച്ചു. വനിത സെല്ലിൽ പരാതി നൽകിയിരുന്നെങ്കിലും കൗൺസലിങ് നടത്തി ഒത്തുതീർപ്പാക്കുകയായിരുന്നെന്നും കുടുംബം പറഞ്ഞു.

logo
Metro Vaartha
www.metrovaartha.com