

ആര്യ, ആശിഷ്
മുംബൈ: പ്രണയബന്ധം എതിർത്തതിനെ തുടർന്ന് പൊലീസുകാരനായ അച്ഛനെ വിഷം കൊടുത്തു കൊന്ന കേസിൽ പൊലീസുദ്യോഗസ്ഥയായ മകൾ പിടിയിൽ. മൂന്നു വർഷത്തിനു ശേഷമാണ് കൊലപാതകം പുറത്തു വന്നത്. മുംബൈ പൊലീസിലെ ഉദ്യോഗസ്ഥനായിരുന്ന ജയന്ത് ബല്ലാവർ (45) ആണ് കൊല്ലപ്പെട്ടത്. ജയന്തിന്‍റെ മകൾ ആര്യ ബല്ലാവറിനെയാണ് കേസിൽ അറസ്റ്റ് ചെയ്തിരിക്കുന്നത്. 2023 ഏപ്രിൽ 25നാണ് ജയന്ത് കൊല്ലപ്പെട്ടത്. എന്നാൽ അന്നത് സ്വാഭാവിക മരണമാണെന്നായിരുന്നു നിഗമനം. അതു കൊണ്ടു തന്നെ കേസിൽ അന്വേഷണവും നടത്തിയില്ല. ആര്യയുടെ ഭർത്താവ് സ്റ്റേഷനിലെത്തി ജയന്തിനെ കൊലപ്പെടുത്തുകയായിരുന്നുവെന്ന് വെളിപ്പെടുത്തിയതോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
2022 മുതൽ ആര്യ, ആശിഷ് ഷെഡ്മേകുമായി പ്രണയത്തിലായിരുന്നു. എന്നാൽ മകളുടെ പ്രണയത്തെ ജയന്ത് എതിർത്തു. ഇതോടെയാണ് പിതാവിനെ കൊല്ലാൻ ആര്യ തീരുമാനിച്ചത്. കസിന്‍റെ സഹായത്തോടെ 5000 രൂപയ്ക്കാണ് ആര്യ വിഷം വാങ്ങിയത്. രാവിലെ മിൽക് ഷേക്കിൽ വിഷം കലർത്തിയ ശേഷം ജോലിക്കു പോകാൻ തയാറായി നിന്ന ജയന്തിനു കൊടുക്കുകയായിരുന്നു. ഷെയ്ക് കുടിച്ച ശേഷം ജോലിക്കു പോയ ജയന്ത് ശാരീരികാസ്വാസ്ഥ്യത്തെ തുടർന്ന് കുഴഞ്ഞു വീണ് മരിച്ചു. അസ്വാഭാവിക തോന്നാതിരുന്നതിനാൽ ജയന്തിന്‍റെ മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്തിരുന്നില്ല.
പിതാവിന്‍റെ മരണത്തിനു ശേഷം ആര്യയും ആശിഷും വിവാഹിതരായി. എന്നാൽ ഇരുവരുടെയും ദാമ്പത്യം പ്രശ്നങ്ങൾ നിറഞ്ഞതായിരുന്നു. അച്ചടക്കരാഹിത്യവും മോശം പെരുമാറ്റവും മൂലം ആശിഷിനെ പൊലീസ് ട്രെയിനിങ്ങിനിടെ തന്നെ പിരിച്ചു വിട്ടു. ആശിഷിന്‍റെ വീട്ടിലേക്ക് പോകാൻ ആര്യ തയാറായിരുന്നുമില്ല. ഇരുവരും തമ്മിൽ കലഹവും പതിവായിരുന്നു. കഴിഞ്ഞ ആഴ്ചയിൽ ആശിഷ് പൊലീസ് സ്റ്റേഷനിലെത്തിയാണ് കൊലപാതകക്കാര്യം വെളിപ്പെടുത്തിയത്. തുടർന്ന് പൊലീസ് ആര്യയെയും ആശിഷിനെയും കസിൽ ചൈതന്യ ഗേദമിനെയും അറസ്റ്റ് ചെയ്യുകയായിരുന്നു. അന്വേഷണം തുടരുകയാണ്.