

പ്രതി നിഖിൽ (ഇടത്), കൊല്ലപ്പെട്ട ഹരിഓം ചൗധരി (വലത്)
ഗാസിയാബാദ്: സ്വത്ത് തർക്കത്തെ തുടർന്ന് മകൻ അച്ഛനെ വെടിവച്ച് കൊലപ്പെടുത്തി. ഉത്തർപ്രദേശിലെ ഗാസിയാബാദിലെ മോദിനഗറിലാണ് സംഭവം.
സമ്പന്ന കർഷകനായ ഹരിഓം ചൗധരി (52)യാണ് കൊല്ലപ്പെട്ടത്. മകനായ നിഖിൽ (32) ആണ് കൃത്യം നടത്തിയത്. അച്ഛനു നേരെ നാലു തവണ വെടിയുതിർത്ത ശേഷം ഇയാൾ തോക്കുമായി രക്ഷപ്പെട്ടു. സ്വത്ത് തർക്കത്തെ തുടർന്നാണ് കൊലപാതകം നടന്നതെന്ന് പൊലീസ് പറഞ്ഞു. മദ്യലഹരിയിലായിരുന്ന നിഖിൽ നാലു തവണയാണ് വെടിയുതിർത്തത്.
മോദിനഗറിൽ 46 ഏക്കർ ഭൂമിയുണ്ടായിരുന്ന ചൗധരിക്ക് ഡൽഹി-മീററ്റ് റോഡിൽ മാർക്കറ്റും ഉണ്ടായിരുന്നു. ആകെ 150 കോടി രൂപയുടെ ആസ്തി ഉണ്ടായിരുന്നുവെന്നാണ് വിവരം. അനിതയാണ് ചൗധരിയുടെ ഭാര്യ. നീശു ആണ് ഇളയമകൻ. മൂത്ത മകനായ നിഖിൽ മദ്യത്തിന് അടിമയായിരുന്നെന്നും ഇതേ ചൊല്ലി ചൗധരി നിരന്തരം മകനെ വഴക്കു പറയാറുണ്ടെന്നും മോദിനഗർ എസിപി ഭാസ്കർ വർമ പറഞ്ഞു.
15 ഏക്കർ ഭൂമിയും മാർക്കറ്റിലെ കടകളും നിഖിലിന് ചൗധരി നൽകിയിരുന്നു. എന്നാൽ ശേഷിക്കുന്ന ഭൂമി കൂടി തന്‍റെ പേരിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് നിഖിൽ സ്ഥിരമായി പ്രശ്നമുണ്ടാക്കിയിരുന്നു. എന്നാൽ എല്ലാ സ്വത്തുക്കളും മദ്യത്തിനും മറ്റു മോശം കാര്യങ്ങൾക്കും വേണ്ടി തുലയ്ക്കുമെന്ന് പറഞ്ഞ് ചൗധരി ഇക്കാര്യം നിരസിച്ചിരുന്നു.
ബുധനാഴ്ച രാത്രി ചൗധരി ഭാര്യയ്ക്കും ഇളയ മകനുമൊപ്പം ഭക്ഷണം കഴിക്കാനിരിക്കവെയാണ് കൊലപാതകം നടന്നത്. മദ്യപിച്ച് ലക്കുകെട്ട് എത്തിയ നിഖിൽ അച്ഛനുമായി വഴക്കുണ്ടാക്കി. തർക്കം രൂക്ഷമായതോടെ നിഖിൽ തോക്കെടുത്ത് വെടിവെക്കുകയായിരുന്നു. മുഖത്ത് ആദ്യ വെടിയേറ്റതോടെ ചൗധരി കുഴഞ്ഞുവീണു. ഇതിനു പിന്നാലെ ചൗധരിയുടെ മുഖത്തും നെഞ്ചിലും വയറിലും നിഖിൽ വീണ്ടും നിറയൊഴിക്കുകയായിരുന്നു.
മദ്യപാനത്തെ ചൊല്ലി നിഖിൽ കുടുംബവുമായി സ്ഥിരം വഴക്കിട്ടിരുന്നു. 2018ൽ വാക്ക്തർക്കത്തെ തുടർന്ന് നിഖിൽ ഇളയ സഹോദരനു നേരെ വെടിയുതിർത്തിരുന്നു. ഈ കേസിൽ അന്വേഷണം നടന്നുവരികയാണ്. ഒളിവിൽ പോയ നിഖിലിനെ പിടികൂടാൻ പൊലീസ് വിവിധ സംഘങ്ങൾ രൂപീകരിച്ച് അന്വേഷണം ആരംഭിച്ചു.