

സഹോദരിമാരെ വിവാഹം കഴിച്ചു; അവിഹിതം ആരോപിച്ച് രണ്ടാം ഭാര്യയെ കൊന്ന് റിയൽ എസ്റ്റേറ്റ് വ്യവസായി
representative image
ഹൈദരാബാദ്: പരപുരുഷ ബന്ധം ആരോപിച്ച് രണ്ടാം ഭാര്യയെ വെടി വച്ചു കൊന്ന് റിയൽ എസ്റ്റേറ്റ് വ്യവസായി. ഹൈദരാബാദിലെ മാൽകാഗിരി സ്വദേശിയായ ഡി. അരുൺ കുമാറാണ് (48) കൊലപാതകം നടത്തിയത്. നിഷാ റാണി എന്നറിയപ്പെടുന്ന നിഷിത റാണിയാണ് കൊല്ലപ്പെട്ടത്. ഭാര്യയെ കൊല്ലുന്നതിനായി ഇയാൾ മാസങ്ങളോളമായി ആസൂത്രണം ചെയ്യുകയായിരുന്നുവെന്നും അതിനായി ബിഹാറിൽ നിന്ന് പിസ്റ്റൾ എത്തിച്ചിരുന്നുവെന്നും പൊലീസ് കണ്ടെത്തി. നിഷാ റാണിയുടെ മൂത്ത സഹോദരിയെയാണ് അരുൺ ആദ്യം വിവാഹം കഴിച്ചത്.
ആ വിവാഹത്തിൽ രണ്ട് മക്കളുമുണ്ട്. ഭാര്യ സ്ഥിരം രോഗിയായതിനെത്തുടർന്ന് അഞ്ചു വർഷം മുൻപാണ് നിഷാ റാണിയെ വിവാഹം കഴിച്ചത്. എന്നാൽ നിഷാ റാണിക്ക് മറ്റു ബന്ധങ്ങളുണ്ടെന്ന സംശയം മൂലം ഇരുവരും തമ്മിൽ കലഹം പതിവായിരുന്നു. കുറച്ചു കാലമായി ഇരുവരും പിരിഞ്ഞാണ് താമസിച്ചിരുന്നത്.
ഈ വർഷം മാർച്ചിൽ തന്നെ അരുൺ നിഷാ റാണിയെ കൊല്ലാൻ തീരുമാനിച്ചിരുന്നുവെന്നും അതിനായി തോക്ക് വാങ്ങിയിരുന്നുവെന്നും പൊലീസ് പറയുന്നു. ചൊവ്വാഴ്ച നിഷാ റാണിയെ ചെന്നു കണ്ട അരുൺ കുടുംബകാര്യങ്ങൾ സംസാരിക്കുന്നതിനായി വീട്ടിലേക്ക് വരാൻ ആവശ്യപ്പെട്ടിരുന്നു. ഇതനുസരിച്ച് വീട്ടിലെത്തിയ യുവതിയെ വെടിവച്ച് കൊല്ലുകയായിരുന്നു. പ്രതികളെ പിടി കൂടാനുള്ള ശ്രമത്തിലാണ് പൊലീസ്.