

ദർശൻ തൂഗുദീപ, രേണുകാസ്വാമി
ന‍്യൂഡൽഹി: കന്നഡ സൂപ്പർ താരം ദർശൻ തൂഗുദീപ ഉൾപ്പെട്ട രേണുകാസ്വാമി കൊലക്കേസിലെ പ്രധാന സാക്ഷിയെ ഭീഷണിപ്പെടുത്തിയതിൽ മൂന്നു പേർ അറസ്റ്റിൽ. പുനീത്, സുഹാസ്, വേണു എന്നിവരാണ് അറസ്റ്റിലായിരിക്കുന്നത്. സുഹാസും വേണുവും തുമകൂരുവിലെ ദർശൻ ഫാൻസ് അസോസിയേഷൻ അംഗങ്ങളാണോയെന്ന് പരിശോധിച്ചു വരുകയാണെന്ന് പൊലീസ് പറഞ്ഞു.
നടനുമായി ബന്ധപ്പെട്ടുള്ള ഒരു ഫാൻ പേജ് കൈകാര‍്യം ചെയ്തിരുന്നയാളാണ് പുനീത്. തങ്ങൾ ദർശന്‍റെ ആരാധകനാണെന്ന് അവകാശപ്പെട്ടുവെന്നും ചിത്രദുർഗയിൽ നിന്നുള്ള സാക്ഷിയെ ഭീഷണിപ്പെടുത്തിയെന്നുമാണ് പൊലീസ് പറയുന്നത്. നടനെതിരേ മൊഴി നൽകരുതെന്ന് തന്നെ ഭീഷണിപ്പെടുത്തിയെന്നും സമ്മർദം ചെലുത്തിയെന്നും സാക്ഷി കോടതിയിൽ ജഡ്ജിയോട് പറഞ്ഞു.
ഇതേത്തുടർന്നാണ് സംഭവം പുറത്ത് അറിയുന്നത്. ഇതിനു പിന്നാലെ സാക്ഷിക്ക് പൊലീസ് സുരക്ഷ നൽകണമെന്ന് കോടതി നിർദേശിക്കുകയായിരുന്നു. മൂന്ന് പ്രതികളെയും കസ്റ്റഡിയിലെടുത്തതായും കാമാക്ഷിപാളയ പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തു.
ദർശന് അടുപ്പമുണ്ടായിരുന്ന നടി പവിത്ര ഗൗഡയ്ക്ക് ചിത്രദുർഗ സ്വദേശിയായ രേണുകാസ്വാമി അശ്ലീല സന്ദേശം അയച്ചിരുന്നു. ഇതിൽ പ്രകോപിതനായ ദർശൻ രേണുകാസ്വാമിയെ കൊലപ്പെടുത്തി കാമാക്ഷിപാളയത്തിന് സമീപമുള്ള പാലത്തിന് താഴെ ഉപേക്ഷിച്ചുവെന്നാണ് കേസ്.
മെഡിക്കൽ ഷോപ്പ് ജീവനക്കാരനായിരുന്നു 33 കാരനായ രേണുകാസ്വാമി. രേണുകാസ്വാമിയുടെ മൃതദേഹം ഒരു അഴുക്കു ചാലിൽ നിന്നുമാണ് കണ്ടെടുത്തത്. നിലവിൽ പരപ്പന അഗ്രഹാര സെൻട്രൽ ജയിലിലാണ് നടൻ ദർശൻ.