

ലോറൻസ് ബിഷ്ണോയി സംഘത്തിൽപ്പെട്ട രണ്ടു ഷൂട്ടർമാർ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു
ചണ്ഡിഗഢ്: ഹരിയാനയിൽ ജിം ഉടമസ്ഥനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളായ ലോറൻസ് ബിഷ്ണോയി സംഘത്തിൽപ്പെട്ട രണ്ടു പേർ പൊലീസുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. ഡൽഹി പൊലീസ് സ്പെഷ്യൽ സെല്ലും ഹരിയാന പൊലീസും സംയുക്തമായി നടത്തിയ ഏറ്റുമുട്ടലിലാണ് ഇവർ കൊല്ലപ്പെട്ടത്. ഹരിയാനയിലെ ബഹാദുർഗഢിൽ വച്ച് ശനിയാഴ്ചയാണ് ഏറ്റുമുട്ടൽ നടന്നത്.
ബിഷ്ണോയി സംഘത്തിലെ ഷൂട്ടർമാരായ ഹിസാർ സ്വദേശികളായ പർവേഷ്, ഹിമാൻഷു എന്നിവരാണ് മരിച്ചത്. രഹസ്യവിവരം ലഭിച്ചതിന്‍റെ അടിസ്ഥാനത്തിൽ പിടികൂടാനെത്തിയ പൊലീസ് സംഘത്തിനു നേരെ ഇവർ വെടിവെയ്ക്കുകയായിരുന്നു. ഇതോടെ പൊലീസ് സംഘം തിരിച്ച് വെടിവെച്ചതോടെ ഇരുവർക്കും പരുക്കേറ്റു. തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. ഏറ്റുമുട്ടലിൽ ഡൽഹി പൊലീസ് സ്പെഷ്യൽ സെൽ കോൺസ്റ്റബിൾ അങ്കിതിന് കാൽമുട്ടിന് വെടിയേറ്റു പരുക്കേറ്റു. പർവേഷ്, ഹിമാൻഷു എന്നിവരുടെ തലയ്ക്ക് പൊലീസ് ഒരു ലക്ഷം രൂപ വീതം പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.
ജൂൺ 11ന് ജിം ഉടമസ്ഥൻ കപിലിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളാണ് കൊല്ലപ്പെട്ട രണ്ടു ഷൂട്ടർമാരും. വീടിനു പുറത്തു വച്ച് വ്യായാമം ചെയ്തുകൊണ്ടിരുന്ന കപിലിനെ ഏഴു പേരടങ്ങുന്ന സംഘം വെടിവച്ച് കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തിന്‍റെ സിസിടിവി ക്യാമറയിൽ പതിഞ്ഞ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.