വ്യാജ മെയിൽ ഐഡി വഴി 21 തവണ ബോംബ് ഭീഷണി, കാരണം 'പ്രണയപ്പക'; യുവതി അറസ്റ്റിൽ

12 സംസ്ഥാനങ്ങളിലായി 21 തവണയാണ് യുവതി വ്യാജ ബോംബ് ഭീഷണി നടത്തിയത്.
Robotics engineer held over fake bomb threats to frame man she loved

റെനി ജോഷിൽദ

Updated on

അഹമ്മദാബാദ്: പ്രണയിച്ച യുവാവ് മറ്റൊരു സ്ത്രീയെ വിവാഹം കഴിച്ചതിന്‍റെ പക വീട്ടാനായി അയാളുടെ പേരിൽ വ്യാജ ബോംബ് ഭീഷണി നടത്തിയ യുവതി അറസ്റ്റിൽ. ചെന്നൈയിലെ എംഎൻഎസിയിൽ റോബോട്ടിക്സ് എൻജിനീയറായ റെനി ജോഷിൽദയാണ് അറസ്റ്റിലായിരിക്കുന്നത്. ശനിയാഴ്ച ചെന്നൈയിൽ നിന്ന് അഹമ്മദാബാദ് പൊലീസാണ് യുവതിയെ അറസ്റ്റ് ചെയ്തത്. ഗുജറാത്തിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിന് ഉൾപ്പെടെ 12 സംസ്ഥാനങ്ങളിലായി 21 തവണയാണ് യുവതി വ്യാജ ബോംബ് ഭീഷണി നടത്തിയത്.

സ്വന്തം വ്യക്തിത്വം മറയ്ക്കുന്നതിനായി റെനി വ്യാജ ഇമെയിൽ ഐഡികൾ നിർമിച്ചിരുന്നു. വിപിഎനും ഡാർക് വെബും ഉപയോഗിച്ചാണ് ബോംബ് ഭീഷണി നടത്തിയത്.

ചെന്നൈയിലെ മൾട്ടി നാഷണൽ കമ്പനിയിൽ ജോലി ചെയ്യുന്നതിനിടെ റെനി ദിവിജ് പ്രഭാകർ എന്ന യുവാവിനെ പ്രണയിച്ചിരുന്നു. പക്ഷേ യുവാവിന് ആ ബന്ധത്തിൽ താത്പര്യമുണ്ടായിരുന്നില്ല. ഫെബ്രുവരിയിൽ പ്രഭാകർ മറ്റൊരു പെൺകുട്ടിയെ വിവാഹം കഴിച്ചതോടെയാണ് റെനിയുടെ ഉള്ളിൽ പക ആരംഭിച്ചത്.

പ്രഭാകറിനെ കുറ്റവാളിയാക്കുന്നതിനായാണ് പ്രഭാകറിന്‍റെ പേരിൽ ഉൾപ്പെടെ നിർമിച്ച മെയിൽ ഐഡികളിൽ നിന്ന് വ്യാജ ബോംബ് ഭീഷണി നടത്തിയത്. നരേന്ദ്ര മോദി സ്റ്റേഡിയം തകർക്കുമെന്ന് ഭീഷണിപ്പെടുത്തി 13 ഇമെയിലുകളാണ് റെനി അയച്ചത്. ഗുജറാത്തിലെ രണ്ടു സ്കൂളുകൾ, ബിജെ മെഡിക്കൽ കോളെജ് എന്നിവ തകർക്കുമെന്നും ഭീഷണിപ്പെടുത്തിയിരുന്നു. അഹമ്മദാബാദ് വിമാന ദുരന്തത്തിനു പിന്നാലെ അതിനു പിന്നിൽ തങ്ങളാണെന്ന മട്ടിൽ ഒരു ഇമെയിലും റെനി അയച്ചിരുന്നുവെന്ന് പൊലീസ്. മഹാരാഷ്ട്ര, രാജസ്ഥാൻ, തമിഴ്നാട്, ഡൽഹി, കേരളം, ബിഹാർ, തെലങ്കാന, പഞ്ചാബ്, മധ്യപ്രദേശ്, ഹരിയാന എന്നിവിടങ്ങളിലേക്കും ഭീഷണി സന്ദേശം അയച്ചിരുന്നു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com