

ശബരിമലയിൽ കാണിക്ക എണ്ണുന്നതിനിടെ മോഷണം; താത്കാലിക ജീവനക്കാരൻ അറസ്റ്റിൽ
ശബരിമല: ശബരിമല ക്ഷേത്രത്തിൽ കാണിക്ക എണ്ണുന്നതിനിടെ പണം മോഷ്ടിച്ചയാൾ അറസ്റ്റിൽ. താത്കാലിക ജീവനക്കാരനായ തൃശൂർ വെമ്പല്ലൂർ സ്വദേശി കെ.ആർ. രതീഷാണ് അറസ്റ്റിലായത്. 23,130 രൂപയാണ് ഇയാൾ മോഷ്ടിച്ചത്. സന്നിധാനം പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. കാണിക്ക എണ്ണുമ്പോൾ ധരിക്കുന്ന കൈയുറയ്ക്കുള്ളിലാണ് ഇയാൾ പണം ഒളിപ്പിച്ച് കടത്തിയത്.
തിങ്കളാഴ്ച ജോലിക്കിടെ ശുചിമുറിയിൽ പോകാൻ പുറത്തിറങ്ങിയ പ്രതിയെ വിജിലൻസ് സംഘം പരിശോധിച്ചപ്പോഴാണ് കൈയുറയ്ക്കുള്ളിൽ നിന്ന് 3000 രൂപ കണ്ടെത്തിയത്. പിന്നീട് ഇയാൾ താമസിക്കുന്ന സ്ഥലത്ത് പരിശോധന നടത്തിയപ്പോൾ ബാക്കി 20,130 രൂപയും കണ്ടെത്തി.
പണം ഗുഹ്യഭാഗത്തു വച്ച് കടത്തിയിരിക്കാമെന്നാണ് പൊലീസ് സംശയിക്കുന്നത്. ഒറ്റമുണ്ട് മാത്രം ധരിച്ചാണ് കാണിക്കയെണ്ണാൻ ജീവനക്കാരെ കടത്തി വിടാറുള്ളത്. കൂടാതെ 24 മണിക്കൂറം ക്യാമറാ നിരീക്ഷണവും പൊലീസ് കാവലും ഉണ്ട്.