300 കോടിയുടെ അനധികൃത സ്വത്ത്; തെലങ്കാനയില്‍ ഉന്നത പൊലീസ് ഉദ്യാഗസ്ഥന്‍ അറസ്റ്റില്‍

പിടിയിലായത് ഹൈദരാബാദ് പൊലീസിലെ ഡിഎസ്പി
Hyderabad Police DSP Sankireddy Bhim Reddy, who was arrested.

അറസ്റ്റിലായ ഹൈദരാബാദ് പൊലീസിലെ ഡിഎസ്പി സങ്കിറെഡ്ഡി ഭീം റെഡ്ഡി

Updated on

ഹൈദരാബാദ്: അനധികൃത സ്വത്ത് സമ്പാദന കേസില്‍ തെലങ്കാനയിലെ ഉന്നത പൊലീസ് ഉദ്യോഗസ്ഥനെ അഴിമതി വിരുദ്ധ ബ്യൂറോ അറസ്റ്റു ചെയ്തു. ഹൈദരാബാദില്‍ പൊലീസ് കംപ്യൂട്ടര്‍ സര്‍വീസില്‍ ഡിഎസ്പിയായ സങ്കിറെഡ്ഡി ഭീം റെഡ്ഡിയാണ് അറസ്റ്റിലായത്. ഇബ്രാംഹിബാഗിലുള്ള ഇയാളുടെ വസതിയില്‍ നിന്നാണ് അറസ്റ്റു ചെയ്തത്.

ഇയാള്‍ അനധികൃതമായി 300 കോടിയോളം രൂപയുടെ സ്വത്ത് സമ്പാദിച്ചുവെന്ന് അഴിമതി വിരുദ്ധ ബ്യൂറോയ്ക്ക് പരാതി ലഭിച്ചിരുന്നു. തുടര്‍ന്ന് ഇയാളുടെ വസതിയിലും തെലങ്കാനയിലും കര്‍ണാടകയിലുമുള്ള ബന്ധുക്കളുടെ സ്ഥാപനങ്ങളിലും അടക്കം 15 ഇടങ്ങളില്‍ റെയ്ഡ് നടത്തിയശേഷമാണ് അറസ്റ്റു രേഖപ്പെടുത്തിയത്.

ഹൈദരാബാദില്‍ ഒരു വില്ല, നാലു ഫ്‌ലാറ്റുകള്‍, 5.5 ഏക്കര്‍ കൃഷിഭൂമി, കര്‍ണാടകയില്‍ 45 ഏക്കര്‍ കൃഷിഭൂമി, മൈനിങ് കമ്പനിയില്‍ 75 ലക്ഷം രൂപയുടെ നിക്ഷേപം തുടങ്ങി കോടിക്കണക്കിനു രൂപയുടെ സ്വത്തുക്കള്‍ ഇയാളുടെ പേരില്‍ ഉള്ളതായി അഴിമതി വിരുദ്ധ ബ്യൂറോ കണ്ടെത്തിയിരുന്നു.

റെയ്ഡില്‍ ഇയാളുടെ വസതിയില്‍ നിന്ന് 3.60 ലക്ഷം രൂപയും ബിനാമിയുടെ വീട്ടില്‍ നിന്ന് 40 ലക്ഷം രൂപയും പിടിച്ചെടുത്തു. കൂടാതെ രണ്ടു കിലോഗ്രാം സ്വര്‍ണാഭരണങ്ങളും 20 കിലോഗ്രാം വെള്ളിയാഭരണങ്ങളും കണ്ടെടുത്തു. കൂടാതെ ഇയാളുടെ ബാങ്ക് അക്കൗണ്ടില്‍ 19 ലക്ഷം രൂപയുടെ നിക്ഷേപം ഉള്ളതായും അഴിമതി വിരുദ്ധ ബ്യൂറോ കണ്ടെത്തി.

logo
Metro Vaartha
www.metrovaartha.com