
പണപ്പിരിവിനെന്ന പേരിൽ വീട്ടിലെത്തി 9 വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമം; 59കാരൻ അറസ്റ്റിൽ
കാസർഗോഡ്: പണം പിരിക്കാനെന്ന വ്യാജേന വീട്ടിലെത്തിയയാൾ 9 വയസുള്ള പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചതായി പരാതി. കാസർഗോഡ് നീലേശ്വരം വെള്ളച്ചാൽ സ്വദേശി സി.പി. ഖാലിദാണ് (59) അറസ്റ്റിലായത്. നീലേശ്വരം പൊലീസാണ് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്.
പണപ്പിരിവിനായി എത്തിയ ഖാലിദിനോട് വീട്ടിൽ മറ്റാരുമില്ലെന്നും കൈയിൽ പണമില്ലെന്നും പെൺകുട്ടി പറഞ്ഞിരുന്നു. തൊട്ടു പിന്നാലെയാണ് ഇയാൾ കുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചത്.
കുട്ടി ഉറക്കെ കരഞ്ഞ് ബഹളം വച്ചതോടെ അടുത്തുള്ള വീട്ടിലുള്ളവർ ഓടിയെത്തി. നാട്ടുകാർ ചേർന്നാണ് ഖാലിദിനെ പിടികൂടി പൊലീസിനെ ഏൽപ്പിച്ചത്. പോക്സോ നിയമപ്രകാരമുള്ള കുറ്റങ്ങൾ ചുമത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.