
രാജലക്ഷ്മി കൗർ
ന്യൂഡൽഹി: വെറും മൂന്നു നാൾ പ്രായമുള്ളപ്പോൾ വഴിയിൽ നിന്ന് എടുത്തു വളർത്തിയ മകൾ പതിമൂന്നാം വയസ്സിൽ പോറ്റമ്മയെ ശ്വാസം മുട്ടിച്ച് കൊന്നു. രണ്ട് പുരുഷന്മാരുമായുള്ള പ്രണയത്തെ ചോദ്യം ചെയ്തതാണ് കൊലയ്ക്കു കാരണമായത്. എട്ടാം ക്ലാസ് വിദ്യാർഥിയായ പെൺകുട്ടി പൊലീസിനോട് കുറ്റം സമ്മതിച്ചിട്ടുണ്ട്. ഗജാപതി ജില്ലയിലെ പരളേഖേമുണ്ടി ടൗണിലെ താമസക്കാരിയായ രാജലക്ഷ്മി കൗറിനെയാണ് (54) വളർത്തുമകൾ രണ്ട് ആൺ സുഹൃത്തുക്കളുടെ സഹായത്തോടെ കൊന്നത്. ഏപ്രിൽ 29നാണ് സംഭവം. രാജലക്ഷ്മിയിൽ നിന്ന് സ്വത്ത് ലഭിക്കണമെന്ന ആഗ്രഹം പെൺകുട്ടിക്കുണ്ടായിരുന്നുവെന്നും പൊലീസ് പറയുന്നു.
വർഷങ്ങൾക്കു മുൻപ് ഭുവനേശ്വറിലെ വഴിയിൽ നിന്നാണ് ആരോ ഉപേക്ഷിച്ച നിലയിൽ വെറും മൂന്നു ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ രാജലക്ഷ്മിയും ഭർത്താവും ചേർന്ന് എടുത്തു വളർത്തിയത്. ഇരുവർക്കും മക്കളുണ്ടായിരുന്നില്ല. ഒരു വർഷത്തിനു ശേഷം രാജലക്ഷ്മിയുടെ ഭർത്താവ് മരിച്ചു. പിന്നീട് രാജലക്ഷ്മി തനിച്ചാണ് മകളെ വളർത്തിയതും പഠിപ്പിച്ചതും. മകളെ കേന്ദ്രീയ വിദ്യാലയത്തിൽ പഠിപ്പിക്കുന്നതിനായി ടൗണിൽ വീട് വാടകയ്ക്കെടുത്താണ് രാജലക്ഷ്മി താമസിച്ചിരുന്നത്.
അതിനിടെ രാത്, സഹു തുടങ്ങിയ രണ്ടു പേരുമായി പെൺകുട്ടി അടുപ്പത്തിലായി. ഇതിനെ രാജലക്ഷ്മി എതിർത്തത് പെൺകുട്ടിയെ അസ്വസ്ഥയാക്കിയിരുന്നു. സ്വത്തിൽ പൂർണമായും സ്വാതന്ത്ര്യം ലഭിക്കുന്നതിനായി അമ്മയെ കൊല്ലാൻ ആൺ സുഹൃത്തുക്കളാണ് പെൺകുട്ടിയെ നിർബന്ധിച്ചത്. ഇതു പ്രകാരം ഏപ്രിൽ 29ന് അമ്മയ്ക്ക് പെൺകുട്ടി ഉറക്കഗുളികകൾ നൽകി. രാജലക്ഷ്മി അബോധാവസ്ഥയിൽ ആയതോടെ രാത്തിനെയും സഹുവിനെയും വിളിച്ചു വരുത്തി. പിന്നീട് മൂന്നു പേരും ചേർന്നാണ് തലയിണ കൊണ്ട് മുഖത്തമർത്തിപ്പിടിച്ച് രാജലക്ഷ്മിയെ കൊന്നത്. പിന്നീട് മൂവരും ചേർന്ന് രാജലക്ഷ്മിയെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരണം സ്ഥിരീകരിച്ചു. കുടുംബാംഗങ്ങളോട് ഹൃദയാഘാതം മൂലം മരിച്ചുവെന്നാണ് പറഞ്ഞിരുന്നത്. പിന്നീട് ഭുവനേശ്വറിൽ എത്തി സംസ്കാരം നടത്തി. രാജലക്ഷ്മി ഹൃദ്രോഗി ആയതിനാൽ മറ്റാർക്കും സംശയം തോന്നിയില്ല. കണ്ട
രണ്ടാഴ്ചയോളം മരണത്തിൽ ആർക്കും സംശയം തോന്നിയില്ല. പിന്നീട് പെൺകുട്ടിയുടെ ഫോൺ അപ്രതീക്ഷിതമായി പരിശോധിച്ച രാജലക്ഷ്മിയുടെ സഹോദരൻ സിബ പ്രസാദ് മിശ്രയാണ് പെൺകുട്ടിയുടെ ഇൻസ്റ്റയിൽ കൊലപാതകത്തിന്‍റെ ആസൂത്രണത്തെക്കുറിച്ചുള്ള വിവരങ്ങൾ കണ്ടത്. രാജലക്ഷ്മിയുടെ സ്വർണവും പെൺകുട്ടി ആൺ സുഹൃത്തുക്കൾക്ക് കൈമാറിയിരുന്നു.