

കേസുകളിൽ ബഹുഭൂരിപക്ഷവും മുൻ സിപിഎം സർക്കാരിനെയും നേതാക്കളെയും ലക്ഷ്യമിട്ടുള്ളവയാണ്.
Freepik.com - Representative image
ജിബി സദാശിവൻ
കൊച്ചി: വി.ഡി. സതീശൻ സർക്കാർ അധികാരമേറ്റെടുത്ത ശേഷം ഒരു ഡസനോളം പ്രത്യേക അന്വേഷണ സംഘങ്ങളെയാണ് (എസ്ഐടി) നിയമിച്ചത്. കേസുകളിൽ ബഹുഭൂരിപക്ഷവും മുൻ സിപിഎം സർക്കാരിനെയും നേതാക്കളെയും ലക്ഷ്യമിട്ടുള്ളവയാണ്. എന്നാൽ, ഇവയിൽ ഒന്നിൽ പോലും അന്വേഷണം സജീവമായി മുന്നോട് പോകുന്നില്ല. ഏറ്റവും ഒടുവിൽ മുൻ കായിക മന്ത്രിയെ ഇപ്പോൾ അറസ്റ്റ് ചെയ്യും എന്ന പ്രതീതിയുണ്ടാക്കിയെങ്കിലും പേരിനൊരു ചോദ്യം ചെയ്യലിൽ അതും അവസാനിച്ചു. അണിയറയിൽ ഒത്തുതീർപ്പുകൾ നടക്കുന്നതായി ബിജെപി ഇതിനകം തന്നെ ആക്ഷേപം ഉന്നയിച്ചു കഴിഞ്ഞു.
സിഎംആർഎൽ-എക്സാലോജിക് കേസ് രണ്ട് പ്രത്യേക സംഘങ്ങളാണ് അന്വേഷിക്കുന്നത്. പിണറായി വിജയൻ പ്രതിയായ സിഎംആർഎൽ എക്സാലോജിക് കേസും മുഹമ്മദ് റിയാസ് പ്രതിയായ ഹവാല കേസുമാണ് രണ്ടു സംഘങ്ങൾ അന്വേഷിക്കുന്നത്. ഇഡിയെ സിപിഎം പ്രവർത്തകർ ആക്രമിച്ചെന്ന കേസും എസ്ഐടിയാണ് അന്വേഷിക്കുന്നത്. പിഎസ്‌സി പരീക്ഷാ ക്രമക്കേട് ഐജി അജിതാ ബീഗത്തിന്‍റെ നേതൃത്വത്തിൽ അന്വേഷണം നടക്കുന്നു. മെസിയെ കൊണ്ടുവരാനെന്നു പറഞ്ഞു നടന്ന ഇടപാടുകൾ അന്വേഷിക്കുന്നതും എസ്ഐടിയാണ്. കിഫ്ബി ക്രമക്കേടുകൾ അന്വേഷിക്കാനും പ്രത്യേക സംഘത്തെ നിയമിച്ചിട്ടുണ്ട്.
നവീൻ ബാബു ജീവനൊടുക്കിയ സംഭവത്തിൽ എസ്ഐടി നേരത്തെ തന്നെ അന്വേഷണം തുടങ്ങി. പി.പി. ദിവ്യക്കെതിരായ ബെനാമി ആരോപണം വിജിലൻസിന്‍റെ പ്രത്യേകസംഘം വേറെ അന്വേഷിക്കുന്നുണ്ട്. മുൻ മുഖ്യമന്ത്രിയുടെ ഗൺമാൻ കെ എസ് യു യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ച കേസും പ്രത്യേക സംഘമാണ് അന്വേഷിക്കുന്നത്. ഇഡിയെ സിപിഎം പ്രവർത്തകർ ആക്രമിച്ചെന്ന കേസും പ്രത്യേക സംഘമാണ് അന്വേഷിക്കുന്നത്. കഴിഞ്ഞ സർക്കാർ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘങ്ങൾ ശബരിമല സ്വർണക്കൊള്ളയൊക്കെ അന്വേഷിച്ചുകൊണ്ടിരിക്കുന്നുമുണ്ട്.
പിഎസ്‌സി പരീക്ഷാ ക്രമക്കേടിൽ അജിതാ ബീഗത്തിൻറെ നേതൃത്വത്തിൽ നടക്കുന്ന അന്വേഷണമാണ് ഇപ്പോൾ ഏറെ ചലനങ്ങളുണ്ടാക്കുന്നത്. പിഎസ്‌സി ചെയർമാനെയും അംഗങ്ങളേയും ഒരു വട്ടം ചോദ്യം ചെയ്തുകഴിഞ്ഞു. രണ്ട് ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്തു. ഇത് ആസൂത്രണ ബോർഡിലേക്ക് നടത്തിയ റിക്രൂട്ട്മെൻറിലാണ്. മുൻ ചെയർമാൻ എം.കെ. സക്കീറിനെ പ്രതിയാക്കാനും നീക്കം നടക്കുന്നുണ്ട്. അത് ഖാദി ബോർഡ് നിയമന കേസിലാണ്. രണ്ട് ചെയർമാൻമാരും പിണറായി വിജയൻ സർക്കാരിൻറെ കാലത്ത് നിയമിതരായവരാണ്. എം.കെ. സക്കീർ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ സിപിഎം സ്ഥാനാർത്ഥിയുമായിരുന്നു. ഇഡിയെ സിപിഎം പ്രവർത്തകർ ആക്രമിച്ചു എന്ന കേസിലും പ്രത്യേക സംഘത്തിൻറെ അന്വേഷണം നടക്കുന്നുണ്ട്.
ഇതിൽ ലയണല്‍ മെസ്സിയെ കേരളത്തില്‍ എത്തിക്കുമെന്ന പ്രഖ്യാപനത്തിന് പിന്നില്‍ നടന്ന കോടികളുടെ ജിഎസ്ടി വെട്ടിപ്പും അഴിമതിയും അന്വേഷിക്കുന്നതില്‍ വന്‍ അട്ടിമറി നടന്നതായാണ് പുറത്ത് വരുന്ന വിവരം. സാമ്പത്തിക ക്രമക്കേടില്‍ ഉദ്യോഗസ്ഥര്‍ വരുത്തിയ ഗുരുതരമായ വീഴ്ചകള്‍ ചൂണ്ടിക്കാട്ടി നടപടിക്ക് ശുപാര്‍ശ നല്‍കി രണ്ടു മാസം പിന്നിട്ടിട്ടും ഫയലുകളില്‍ തീരുമാനം എടുക്കാതെ സര്‍ക്കാര്‍ മൗനം തുടരുകയാണ്. കേസിലെ നിർണായക വഴിത്തിരിവ് മുന്‍ കായികമന്ത്രി വി. അബ്ദുറഹിമാനെതിരെയുള്ള അന്വേഷണ സംഘത്തിന്‍റെ കണ്ടെത്തലുകളാണ്. മുന്‍ കായികമന്ത്രി ഔദ്യോഗിക പദവി ദുരുപയോഗം ചെയ്താണ് സ്വകാര്യ കമ്പനികള്‍ക്കും സംഘടകര്‍ക്കും സഹായം നല്‍കിയതെന്ന് പ്രത്യേക അന്വേഷണസംഘം വ്യക്തമായി വിലയിരുത്തിയിരുന്നു. അബ്ദുറഹിമാനെ കേസിലെ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തി തുടര്‍നടപടികളുമായി മുന്നോട്ടുപോകാന്‍ അനുമതി തേടിയുള്ള ഫയലുകള്‍ നിലവില്‍ ലോക്ഭവനിലാണ്. ഗവര്‍ണറുടെ അന്തിമ തീരുമാനം നീണ്ടുപോകുന്നതിനാല്‍ ഈ ഭാഗത്തെ അന്വേഷണം പൂർണമായും പ്രതിസന്ധിയിലായിരിക്കുകയാണ്.