
പ്രതിയുടെ വീട്ടിലേക്ക് തിരിച്ചയച്ച അതിജീവിത വീണ്ടും പീഡനത്തിനിരയായി; ശിശുക്ഷേമ സമിതി ഉദ്യോഗസ്ഥർക്കെതിരേ കേസ്
ഭോപ്പാൽ: ബലാത്സംഗത്തിന് ഇരയായ പെൺകുട്ടിയെ ശിശുക്ഷേമ സമിതി പ്രതിയുടെ വീട്ടിലേക്ക് തന്നെ പറഞ്ഞു വിട്ടതായി പരാതി. പ്രതിയുടെ വീട്ടിൽ പെൺകുട്ടി വീണ്ടും ആക്രമണത്തിന് ഇരയായെന്ന് പരാതി ഉയർന്ന സാഹചര്യത്തിൽ സമിതി ചെയർമാൻ ഉൾപ്പെടെ പത്തു പേർക്കെതിരേ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. മധ്യപ്രദേശിലെ പന്ന ജില്ലയിലാണ് സംഭവം. ശിശുക്ഷേമ സമിതി ചെയർമാൻ, അംഗങ്ങൾ, മുതിർന്ന ഉദ്യോഗസ്ഥർ എന്നിവർക്കെതിരേയാണ് കേസ്.
2025 ജനുവരി 16നാണ് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കാണാതായെന്ന് കാണിച്ച് വീട്ടുകാർ പരാതി നൽകിയത്. ഫെബ്രുവരി 17ന് ഹരിയാനയിൽ നിന്ന് പെൺകുട്ടിയെ കണ്ടെത്തി. തൊട്ടടുത്ത ഗ്രാമത്തിൽ നിന്നുള്ള പുരുഷനും പെൺകുട്ടിക്കൊപ്പം ഉണ്ടായിരുന്നു. ഇതേ തുടർന്ന് പൊലീസ് പോക്സോ ചട്ടം പ്രകാരം കേസ് രജിസ്റ്റർ ചെയ്തു. പന്ന കോട്ട്‌വാളി പൊലീസ് സ്റ്റേഷനിൽ റിപ്പോർട്ട് ചെയ്ത കേസ് പിന്നീട് ജുഝാർ നഗർ പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി.
ബലാത്സംഗം ഉൾപ്പെടെയുള്ള കുറ്റം ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തത്. അതിജീവിതയായ പെൺകുട്ടി പന്ന ശിശുക്ഷേമ സമിതിയുടെ സംരക്ഷണത്തിലായിരുന്നു.
എന്നാൽ സമിതി ഇടപെട്ട് പെൺകുട്ടിയെ പ്രതിയുടെ സഹോദരന്‍റെ ഭാര്യയുടെ വീട്ടിലേക്ക് മാറ്റിയെന്നാണ് ആരോപണം. ജയിൽ മോചിതനായ പ്രതി ഇവിടെയെത്തി പെൺകുട്ടിയെ വീണ്ടും ബലാത്സംഗത്തിനിരയാക്കിയെന്ന് കാണിച്ച് പെൺകുട്ടിയുടെ വീട്ടുകാരാണ് പരാതി നൽകിയിരിക്കുന്നത്.