

യുവതിയെ ആക്രമിച്ച് സ്വർണാഭരണങ്ങൾ കവർന്ന കേസിൽ പ്രതി പിടിയിൽ
കളമശേരി: ഒറ്റക്ക് നടന്നു പോകുകയായിരുന്ന യുവതിയുടെ പുറകിൽ നിന്ന് തലയിൽ മുണ്ടിട്ടു മൂടി ആക്രമിച്ച് മൊബൈൽ ഫോണും സ്വർണമാലയും കമ്മലും കവർന്ന കേസിലെ പ്രതി പിടിയിലായി. യുവതിയുടെ തല റെയിൽവെ തൂണിൽ പലതവണ ഇടിപ്പിച്ചും കല്ലിനിടിച്ചും അവശയാക്കിയാണ് മാലയും കമ്മലും കവർന്നത്. ഗുരുതര പരുക്കേറ്റ യുവതി സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
എച്ച്എംടി കവലയ്ക്ക് സമീപമുള്ള കടയിൽ ജോലി കഴിഞ്ഞു 15 ന് രാത്രി 8.15 ഓടെ താമസ സ്ഥലത്തേക്ക് പോകുമ്പോഴായിരുന്നു യുവതിയെ അക്രമിച്ചത്. പാലക്കാട് അഗളി സ്വദേശിയാണ് പിടിയിലായത്. ഇയാളുടെ പേര് വിവരങ്ങൾ കോടതി നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം പുറത്തുവിടുമെന്ന് പൊലീസ് പറഞ്ഞു.
സിസിടിവി ഇല്ലാത്ത പ്രദേശത്ത് വെച്ചാണ് അക്രമം നടന്നത്. യുവതി പറഞ്ഞ വിവരങ്ങൾ വെച്ചാണ് പ്രതിയെ വലയിലാക്കിയതെന്ന് കളമശേരി പൊലീസ് പറഞ്ഞു.
ആശുപത്രിയിൽ നിന്നും പരാതിക്കാരി ഡിസ്ചാർജ് ആയ ശേഷം ടിയാരിയുടെ മൊഴി വിശദമായി രേഖപ്പെടുത്തിയതിൽ 74, 75(1) (i), 75(2), 62, 64(1), ഓഫ് ബിഎൻ എസ്, എന്നീ വകുപ്പുകൾ കൂട്ടിചേർത്താണ് കേസെടുത്തിട്ടുള്ളത്.
സിസിടിവികൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ നിന്നും കൃത്യം നടന്ന സ്ഥലത്ത് വച്ച് തന്നെ ബൈക്കിൽ വന്ന് പരാതിക്കാരിയെ പിൻതുടർന്ന പ്രതിയുടെ ദൃശ്യങ്ങൾ ലഭിച്ചിരുന്നു. പിന്നീട് മൂന്നു ജില്ലകളിൽ നിന്നായി 200 ഓളം സിസിടിവികൾ പരിശോധിച്ചും ശാസ്ത്രീയ അന്വേഷണങ്ങൾക്കുമൊടിവിലാണ് പാലക്കാട് അഗളി സ്വദേശിയായ പ്രതിയിലേക്ക് എത്തിയത്. പ്രതിയെ ഞായറാഴ്ച അഗളിയിലെ വീട്ടിൽ നിന്നുമാണ് കസ്റ്റഡിയിലെടുത്തത്. പരാതിക്കാരിയുടെ ഫോണും കൃത്യത്തിനുപയോഗിച്ച ബൈക്കും ടിയാൻറെ കൈയിൽനിന്നും കണ്ടെത്തിയിട്ടുണ്ട്. പ്രതി കുറ്റം സമ്മതിച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.
പ്രാഥമികമായി ഉദ്ദേശം കവർച്ച എന്നതിനെക്കാൾ ഉപരി ലൈംഗിക ആവശ്യം നിറവേറ്റുക എന്നതായിരുന്നു എന്നാണ് പ്രതിയുടെ മൊഴിയെന്ന് പൊലീസ് പറഞ്ഞു. അതിജീവിത ശക്തമായി ചെറുത്ത് നിന്നതിനാലാണ് പ്രതി ആ ശ്രമം ഉപേക്ഷിച്ചത്. പ്രതിയെ തിരിച്ചറിയൽ പരേഡ് നടത്തേണ്ടതിനാലാണ് ഫോട്ടോ പുറത്തുവിട്ടിട്ടില്ല.
ഈ കേസിന്‍റെ അന്വേഷണത്തിൽ സിസിപി ഷെഹൻഷായുടെ നേത്യത്വത്തിൽ തൃക്കാക്കര എസിപി മനോജ്, കളമശേരി ഇൻസ്പെക്ടർ ബൈജു, എസ് ഐ സെബാസ്റ്റ്യൻ പി. ചാക്കൊ, ഷമീർ അനന്ദു, എ.എസ്.ഐ. ബിനു, എസ് സിപിഒമാരായ മാഹിൻ, അരുൺ, വിനു കെ.പി., സിപിഒ വിനു കുര്യാക്കോസ്, രാജേഷ് കുമാർ എന്നിവർ അടങ്ങുന്ന അന്വേഷണ സംഘം കൃത്യം നടന്ന് ഒരാഴ്ചയ്ക്കുള്ളിലാണ് പ്രതിയെ പിടികൂടിയത്.