

മുരളി ഗോവിന്ദ് രാജു
ബെംഗളൂരു: അയൽക്കാരുടെ മാനസിക പീഡനം സഹിക്കാനാകാതെ കർണാടകയിൽ 45കാരൻ ജീവനൊടുക്കിയതായി പരാതി. കർണാടക സ്വദേശിയായ മുരളി ഗോവിന്ദ് രാജുവാണ് മരിച്ചത്. മുരളിയുടെ മരണത്തിന് കാരണം അയൽക്കാരുടെ മാനസികപീഡനമാണെന്ന് ആരോപിച്ച് അമ്മ ലക്ഷ്മി ഗോവിന്ദ് രാജുവാണ് പരാതി നൽകിയിരിക്കുന്നത്. 2018ൽ മുരളി നല്ലൂർഹള്ളിയിൽ സ്ഥലം വാങ്ങിയിരുന്നു. ഇവിടെ പുതിയെ വീട് പണിയാൻ തുടങ്ങിയതോടെയാണ് പ്രശ്നങ്ങൾ ആരംഭിച്ചത്. അയൽക്കാരായ ഉഷ നമ്പ്യാർ, ശശി നമ്പ്യാർ എന്നിവർ മുരളിയെ കണ്ട് 20 ലക്ഷം രൂപ ആവശ്യപ്പെട്ടിരുന്നു.
വസ്തുവുമായി ബന്ധപ്പെട്ട തർക്കം പരിഹരിക്കുന്നതിനായിരുന്നു പണം ആവശ്യപ്പെട്ടത്. എന്നാൽ മുരളി പണം നൽകാൻ തയാറായിരുന്നില്ല. അതോടെ പ്രതികൾ ബൃഹത് ബംഗളൂരു മഹാനഗര പാലിക അധികതരുമായി ചേർന്ന് നിർമാണസ്ഥലത്തെത്തി മാനസികമായി ബുദ്ധിമുട്ടിച്ചു.
ഇതേ തുടർന്ന് വിഷമത്തിലായ മുരളി ഡിസംബർ 3ന് നിർമിച്ചു കൊണ്ടിരിക്കുന്ന വീടിന്‍റെ രണ്ടാം നിലയിൽ തൂങ്ങി മരിക്കുകയായിരുന്നു. നിർമാണ തൊഴിലാളിയാണ് മുരളിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. ഹെൽപ് ലൈൻ നമ്പർ -1056, 0471-2552056)