

ജോസഫ് ആന്‍റണി
കൊച്ചി: കൈക്കൂലി വാങ്ങുന്നതിനിടെ തഹസിൽദാറും 2 ഏജന്‍റുമാരും പിടിയിൽ. കണയന്നൂർ തഹസിൽദാർ ജോസഫ് ആന്‍റണിയും (52) ഏജന്‍റുമാരായ രാജേഷ് എൻ.എസ് (49), ജോസഫ് ഷിബിൻ (44) എന്നിവരാണ് പിടിയിലായത്.
കൂടുതൽ റവന‍്യൂ ഉദ‍്യോഗസ്ഥർ ഇടപാടിന്‍റെ ഭാഗമാണെന്നും സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്നും വിജിലൻസ് വ‍്യക്തമാക്കി. എളമക്കരയിലെ കൃഷിഭൂമി പുരയിടമാക്കി രേഖകൾ നൽകാൻ വ‍്യാജ പരാതിക്കാരനെ ഉണ്ടാക്കി 10 ലക്ഷം രൂപയാണ് കൈക്കൂലി ആവശ‍്യപ്പെട്ടത്.
ഭൂവുടമ നേരത്തെ തന്നെ പുരയിടം എന്ന നിലയിൽ കരം അടച്ചുവരുന്ന ഭൂമിയാണിത്. വിൽപ്പനയ്ക്ക് ശ്രമിച്ചപ്പോഴാണ് കൃഷിഭൂമിയാണെന്ന് തിരിച്ചറിഞ്ഞത്. കൃഷി മണ്ണിട്ട് നികത്തിയത് ഉൾപ്പടെ ചൂണ്ടിക്കാണിച്ച് തഹസിൽദാറുടെ സഹായി പരാതി നൽകുകയായിരുന്നു. പ്രശ്നപരിഹാരത്തിന് സ്ഥലം ഉടമ തഹസിൽദാറെ കാണുകയും ഒത്തുതീർപ്പിനായി കൃഷിഭൂമി പുരയിടമാക്കി രേഖ നൽകാനും കൈക്കൂലിയും ആവശ‍്യപ്പെടുകയായിരുന്നു.
പിന്നീട് രഹസ‍്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് തഹസിൽദാറെ കടവന്ത്രയിൽ നിന്നും പിടികൂടിയത്. പണമായി 2 ലക്ഷം രൂപയും ചെക്കായി 8 ലക്ഷം രൂപയുമാണ് കൈക്കൂലിയായി ആവശ‍്യപ്പെട്ടത്. പ്രതികളെ മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ ഹാജരാക്കുമെന്ന് ഉദ‍്യോഗസ്ഥർ പറഞ്ഞു.