തിരുവാഭരണങ്ങൾ മോഷ്ടിച്ച് പണയം വെച്ചു; മുരിങ്ങൂരിൽ പൂജാരി അറസ്റ്റിൽ

2 പവൻ 7 ഗ്രാം തൂക്കം വരുന്ന സ്വർണ്ണാഭരണങ്ങളാണ് ഇയാൾ മോഷ്ടിച്ച് പണയം വച്ചത്.
Temple theft priest arrested at Chalakudy muringoor

അശ്വന്ത്

Updated on

ചാലക്കുടി: മുരിങ്ങൂർ നരസിംഹ മൂർത്തി ക്ഷേത്രത്തിന്‍റെ ശ്രീകോവിലിൽ വിഗ്രഹത്തിൽ ചാർത്തുന്നതിനായി സൂക്ഷിച്ചിരുന്ന തിരുവാഭരണങ്ങൾ മോഷ്ടിച്ച് പണയം വച്ച പൂജാരി അറസ്റ്റിൽ. കണ്ണൂർ അഴീക്കോട് സ്വദേശി തേനായി വീട്ടിൽ അശ്വന്ത് (34) എന്നയാളെയാണ് കൊരട്ടി പോലീസ് അറസ്റ്റ് ചെയ്തത് 2 പവൻ 7 ഗ്രാം തൂക്കം വരുന്ന സ്വർണ്ണാഭരണങ്ങളാണ് ഇയാൾ മോഷ്ടിച്ച് പണയം വച്ചത്. നടപടിക്രമങ്ങൾക്ക് ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കും.

ക്ഷേത്രം പ്രസിഡന്‍റ് മുരിങ്ങൂർ സ്വദേശി ഉപ്പത്ത് വീട്ടിൽ രാജീവ് ഉപ്പത്ത് എന്നയാളുടെ പരാതിയിലാണ് കേസെടുത്തത്. 2023 ഫെബ്രുവരി 2-ാം തിയതിയാണ് പ്രതിയായ അശ്വന്ത് ക്ഷേത്രത്തിൽ ശാന്തിക്കാരനായി ജോലിക്ക് കയറിയത്. അന്ന് മുതൽ ക്ഷേത്രം കമ്മിറ്റി പതിവ് പോലെ അശ്വന്തിനാണ് ശ്രീകോവിലിലെ വിഗ്രഹത്തിൽ ചാർത്തുന്നതിനുള്ള സ്വർണ്ണാഭരണങ്ങളുടെയും വെള്ളിപാത്രങ്ങളുടെയും ഓട്ടു പാത്രങ്ങളുടെയും ചുമലതല നൽകിയിരുന്നത്. തിരുവാഭരണങ്ങൾ ക്ഷേത്രത്തിൽ ഇല്ലെന്ന് കമ്മിറ്റി അംഗങ്ങൾക്ക് സംശയം തോന്നിയതാണ് കുറ്റകൃത്യത്തെ വെളിച്ചത്ത് കൊണ്ടു വന്നത്. അശ്വന്തിനോട് തിരുവാഭരണങ്ങൾ കാണിച്ച് തരാൻ ആവശ്യപ്പെട്ടുവെങ്കിലും എല്ലാ കമ്മിറ്റി അംഗങ്ങളും ഒന്നിച്ചു വന്നാൽ മാത്രമേ കാണിക്കാനാകൂ എന്നായിരുന്നു മറുപടി.

ഇതു പ്രകാരം എല്ലാ കമ്മറ്റി അംഗങ്ങളും ഭാരവാഹികളും ഒന്നിച്ച് എത്തിയപ്പോഴാണ് കുറച്ച് ആഭരണങ്ങൾ ചാലക്കുടിയിലെ ബാങ്കിൽ പണയം വെച്ചതായി അശ്വന്ത് വെളിപ്പെടുത്തിയത്. തുടർന്ന് കമ്മിറ്റി അംഗങ്ങളും ഭാരവാഹികളും ചേർന്ന് പരിശോധിച്ചപ്പോൾ പത്ത് ഗ്രാം തൂക്കം വരുന്ന കാശ് മാല, ഏഴ് ഗ്രാം തൂക്കം വരുന്ന സ്വർണ്ണ വള, നാല് ഗ്രാം തൂക്കം വരുന്ന സ്വർണ്ണത്തിന്‍റെ മണിമാല, സ്വർണ്ണത്തിന്‍റെ രണ്ട് കണ്ണുകൾ എന്നിവ ശ്രീകോവിലിൽ നിന്ന് നഷ്ടപ്പെട്ടതായി കണ്ടെത്തി. ഇതിനു പിന്നാലെ അശ്വന്തിനെ കമ്മിറ്റി അംഗങ്ങളും പരാതിക്കാരനും ചേർന്ന് കൊരട്ടി പൊലീസ് സ്റ്റേഷനിൽ എത്തിച്ച് കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു.

അശ്വന്ത് എറണാംകുളം ഉദയം പേരൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ ഒരു തട്ടിപ്പ് കേസിൽ പ്രതിയാണ്.

കൊരട്ടി പൊലീസ് സ്റ്റേഷൻ എസ്എച്ച്ഒ അമൃത രംഗൻ, എസ്ഐ മാരായ ഷാജു.ഒ.ജി, ജോയ് .കെ.എ, ജി.എ.എസ്.ഐ ഷിജോ, സി.പി.ഒ മാരായ ഷിജോ, ശ്രീജിത്ത് എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com