'ടോക്സിക്' പ്രണയം ജീവനെടുത്ത തമിഴ് പെൺകുട്ടി; 10 വർഷങ്ങൾക്ക് ഒടുവിൽ വിധി

ആ രാത്രിയിൽ ഇരുവരും നിരന്തരമായി സുമിത്രയുടെ ഫോണിൽ വിളിച്ചിരുന്നു. പുലർച്ചെ ആറു മണി വരെ ഇരുവരും തുടർച്ചയായി പെൺകുട്ടിയെ വിളിക്കുകയും മറ്റേയാളുമായുള്ള അടുപ്പം ഒഴിവാക്കാൻ ആവശ്യപ്പെടുകയും ചെയ്തു
ten year old toxic Tamil love story, girl commits suicide
'ടോക്സിക്' പ്രണയം ജീവനെടുത്ത തമിഴ് പെൺകുട്ടി; 10 വർഷങ്ങൾക്ക് ഒടുവിൽ വിധിAI generated picture
Updated on

ചെന്നൈ: പ്രണയത്താൽ ഉരുകിപ്പോയ മൂന്നു പേർ. അതിലൊരാൾ സ്വയം ജീവനൊടുക്കിയതോടെ നിയമത്തിന്‍റെ കുരുക്കുകളിൽ പെട്ടുഴറുകയായിരുന്നു രണ്ടു പേർ. ഒടുവിൽ പത്തു വർഷം നീണ്ടു നിന്ന വിചാരണയ്ക്കൊടുവിൽ ഇരുവരെയും കുറ്റവിമുക്തരാക്കിയിരിക്കുകയാണ് ചെങ്കൽപേട്ട് മഹിളാ കോടതി. ചെന്നൈയിലെ എൻജിനീയറിങ് വിദ്യാർഥിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തപ്പെട്ട എം.അനന്തൻ, കെ. ഇളയരാജ എന്നിവരെയാണ് ഫെബ്രുവരി 10ന് ചെങ്കൽപേട്ട് മഹിളാ കോടതി കുറ്റവിമുക്തരാക്കിയത്. ആത്മഹത്യാ പ്രേരണാക്കുറ്റം തെളിയിക്കാൻ കഴിയാതെ വന്നതോടെയാണ് ഇരുവരും നിയമത്തിന്‍റെ കുടുക്കുകളിൽ നിന്ന് രക്ഷപ്പെട്ടത്. ഇ. സുമിത്ര എന്ന 19 വയസുള്ള പെൺകുട്ടിയോടുള്ള പ്രണയവും അതേ തുടർന്ന് പരസ്പരം ഉണ്ടായ പകയുമാണ് ഇരുവരുടെയും ജീവിതത്തെ മാറ്റി മറിച്ചത്.

കാറ്റൻകുളത്തൂർ സ്വകാര്യ എൻജിനീയറിങ് കോളെജിലെ ആദ്യ വർഷ വിദ്യാർഥിയായിരുന്നു സുമിത്ര. ക്ലാസ്മേറ്റും ബന്ധുവുമായ എം. അനന്തനുമായി സുമിത്രയുടെ വിവാഹം ഉറപ്പിച്ചിരുന്നു. പഠനം പൂർത്തിയാക്കിയതിനു ശേഷം വിവാഹം നടത്താമെന്ന് കുടുംബം ഉറപ്പും നൽ‌കിയിരുന്നു. അതിനിടെയാണ് അയൽക്കാരനും സുഹൃത്തുമായ ഇളയരാജയും സുമിത്രയോടെ പ്രണയാഭ്യർഥന നടത്തിയത്. പക്ഷേ സുമിത്ര അത് നിരസിച്ചു. അതേ സമയം തന്നെ സുഹൃദ്ബന്ധം തുടരാൻ മടിച്ചുമില്ല. അനന്തൻ സുമിത്രയോടെ ഇളയരാജയുമായുള്ള ബന്ധം ഒഴിവാക്കാൻ പലതവണ ആവശ്യപ്പെട്ടെങ്കിലും സുമിത്ര അതിനു തയാറായിരുന്നില്ല.

2014 ജൂലൈ 13ന് കോളെജിന് സമീപത്തു വച്ച് ഇതേ വിഷയം സംസാരിച്ച് അനന്തനും ഇളയരാജയും പരസ്പരം വഴക്കടിച്ചു. ചുറ്റുമുള്ളവർ ഇടപെട്ടാണ് ഇരുവരെയും അവിടെ നിന്നും പറഞ്ഞു വിട്ടത്. ആ രാത്രിയിൽ ഇരുവരും നിരന്തരമായി സുമിത്രയുടെ ഫോണിൽ വിളിച്ചിരുന്നു. പുലർച്ചെ ആറു മണി വരെ ഇരുവരും തുടർച്ചയായി പെൺകുട്ടിയെ വിളിക്കുകയും മറ്റേയാളുമായുള്ള അടുപ്പം ഒഴിവാക്കാൻ ആവശ്യപ്പെടുകയും ചെയ്തു. പിറ്റേ ദിവസം രാവിലെ സുമിത്രയുടെ മുറിയിലെത്തിയ അമ്മയാണ് പെൺകുട്ടിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. തൊറൈപാക്കം പൊലീസ് അന്വേഷണം നടത്തിയതിനു ശേഷം ഇളയരാജയ്ക്കും അനന്തനുമെതിരേ ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തി. അനന്തന് 23 വയസ്സും ഇളയരാജയ്ക്ക് 24 വയസ്സുമായിരുന്നു അന്ന് പ്രായം.

കേസ് പത്തു വർഷത്തോളമായി നീണ്ടു പോയി. ചെങ്കൽപേട്ട് മഹിളാ കോടതിയിൽ വിചാരണയ്ക്കിടെ സുമിത്ര എന്തിനാണ് ജീവനൊടുക്കിയതെന്ന് അറിയില്ലെന്ന് സുമിത്രയുടെ പിതാവ് എഴുമലൈ കോടതിയെ അറിയിച്ചു. ഇത് കേസിനെ ദുർബലമാക്കി. അനന്തനും ഇളയരാജയും പെൺകുട്ടിയെ ബുദ്ധിമുട്ടിച്ചിരുന്നുവെന്ന ആരോപണം സുമിത്രയുടെ സുഹൃത്ത് വൈശാലി കോടതിയിൽ തള്ളിയതോടെ കേസ് വീണ്ടും ദുർബലമായി. പെൺകുട്ടി മരിച്ച രാത്രിയിലെ ഫോൺ റെക്കോഡുകൾ സമർപ്പിക്കുന്നതിൽ പ്രോസിക്യൂഷനും പരാജയപ്പെട്ടതോടെയാണ് കോടതി പ്രതികളെ കുറ്റവിമുക്തരാക്കിയത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com