
പ്രണയം നടിച്ച് ശാരീരിക ബന്ധം; ബുദ്ധസന്യാസികളെ ഭീഷണിപ്പെടുത്തി വൻതുക തട്ടിച്ച തായ് വനിത അറസ്റ്റിൽ
ബാങ്കോക്: ബുദ്ധസന്യാസികളെ പ്രണയം നടിച്ച് കുടുക്കി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതിനു ശേഷം ഭീഷണിപ്പെടുത്തി വൻ തുക തട്ടിച്ച തായ്‌വാനീസ് യുവതി അറസ്റ്റിൽ. വിലാവൻ എംസാവത് എന്ന 30കളുടെ മധ്യത്തിലുള്ള സ്ത്രീയാണ് പിടിയിലായിരിക്കുന്നത്. പണം തട്ടിയെടുക്കൽ, ഭീഷണി, മോഷ്ടിച്ച വസ്തുക്കൾ വിൽപ്പന നടത്തി തുടങ്ങി നിരവധി കുറ്റങ്ങളാണ് ഇവർക്കു മേൽ ചുമത്തിയിരിക്കുന്നത്.
വടക്കൻ തായ്‌ലൻഡിലെ ഒരു മുതിർന്ന സന്യാസിയുൾപ്പെടെ ഇവരുടെ വലയിൽ പെട്ടിട്ടുണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്. സന്യാസിമാരുമായി ബന്ധപ്പെട്ട് ഇത്തരം പ്രശ്നങ്ങൾ ഉയർന്നു വരുന്നത് സാധാരണയാണെങ്കിലും മുതിർന്ന സന്യാസിമാർ പോലും ഉൾപ്പെടുന്നത് ഇതാദ്യമായാണ്. 385 മില്യൺ ഭാട്ട് ( 100 കോടിയിലധികം രൂപ)ആണ് വിലാസ്വാനിന്‍റെ അക്കൗണ്ടിൽ കഴിഞ്ഞ മൂന്നു വർഷത്തിനിടെ എത്തിയിരിക്കുന്നത്. ഈ പണമെല്ലാം ഓൺലൈൻ ചൂതാട്ടങ്ങൾക്കു വേണ്ടിയാണ് ഉപയോഗിച്ചിരിക്കുന്നത്.
ബാങ്കോക്കിലെ ഒരു പ്രശസ്തമായ ക്ഷേത്രത്തിന്‍റെ മഠാധിപതി അപ്രതീക്ഷിതമായി സന്യാസ ജീവിതം ഉപേക്ഷിച്ചതിനു പിന്നാലെയാണ് സെൻട്രൽ ഇൻവെസ്റ്റിഗേഷൻ ബ്യൂറോ അന്വേഷണം തുടങ്ങിയതെന്ന് ഡപ്യൂട്ടി കമ്മീഷണർ ജാരൂങ്കിയാത് പാൻക്യു പറയുന്നു. മഠാധിപതിയുമായി വിലാസ്വാൻ പ്രണയത്തിലായിരുന്നു. താൻ ഗർഭിണിയാണെന്നാണ് പ്രതി മഠാധിപതിയെ ധരിപ്പിച്ചിരുന്നത്. ഇക്കാര്യം പുറത്തു പറയാതിരിക്കാനായി 7.2 മില്യൺ ബാട്ട് വേണമെന്നാണ് ആവശ്യപ്പെട്ടതെന്നും പൊലീസ് പറയുന്നു. സ്ത്രീയുടെ ഫോൺ പരിശോധിച്ചപ്പോൾ അനവധി സന്യാസിമാർക്കൊപ്പമുള്ള ചിത്രങ്ങളും വിഡിയോകളും ചാറ്റ് ഹിസ്റ്ററിയുമാണ് കണ്ടെത്തിയതെന്ന് പൊലീസ് പറയുന്നു. സ്ത്രീകളെ തൊടുന്നതിനു പോലും വിലക്കുള്ള തേരവാഡ വിഭാഗത്തിൽ പെട്ട സന്യാസിമാരാണ് വിലാസ്വാന്‍റെ വലയിൽ വീണതിൽ കൂടുതലും. 9 മഠാധിപതികളാണ് വിലാസ്വാന്‍റെ കെണിയിൽ പെട്ടത്. ഇവരെല്ലാം സന്യാസജീവിതം ഉപേക്ഷിച്ചതായി റോയൽ തായ് പൊലീസ് സെൻട്രൽ ഇൻവെസ്റ്റിഗേഷൻ ബ്യൂറോ ഉദ്യോഗസ്ഥർ പറയുന്നു. തായ്‌ലൻഡിലെ ക്ഷേത്രങ്ങളിലേക്ക് സംഭാവന ചെയ്യുന്ന പണമെല്ലാം കൈകാര്യം ചെയ്യുന്നത് സന്യാസിമാരാണ്. അതു കൊണ്ടു തന്നെ മുതിർന്ന സന്യാസിമാരെയാണ് പ്രതി സമീപിച്ചിരുന്നത്. കൂട്ടത്തിൽ ഒരു സന്യാസിയുമായി താൻ യഥാർഥത്തിൽ പ്രണയത്തിലായിരുന്നുവെന്നും അയാൾക്ക് പണം നൽകിയിരുന്നുവെന്നും പ്രതി മൊഴി നൽകിയിട്ടുണ്ട്.