

നസിയ ഖാനം
ന്യൂഡൽഹി: ഡൽഹിയിലെ ദ്വാരകയിൽ കേന്ദ്ര പ്രതിരോധ മന്ത്രാലയ ഉദ്യോഗസ്ഥയെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പ്രതിരോധ മന്ത്രാലയത്തിൽ അസിസ്റ്റന്‍റ് സെക്ഷൻ ഓഫീസറായ നസിയ ഖാനം (30) ആണ് മരിച്ചത്.
സംഭവത്തിൽ ഭർത്താവിനും ഭർതൃവീട്ടുകാർക്കുമെതിരെ യുവതിയുടെ കുടുംബം ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചു. ഏപ്രിൽ 11നായിരുന്നു നസിയയും അജം അലി ഖാൻ എന്നയാളും തമ്മിലുള്ള വിവാഹം. നിലവിൽ മൂന്ന് മാസം ഗർഭിണിയായിരുന്നു നസിയ. ഭർത്താവ് അജം അലി ഖാൻ, ഭർത്യമാതാവ് സുമിൻ നിഷ, ഭർത്യപിതാവ് ബാബർ അലി ഖാൻ എന്നിവരിൽനിന്ന് മകൾക്ക് നിരന്തരം മാനസികവും ശാരീരികവുമായ പീഡനം നേരിട്ടിരുന്നതായി നസിയയുടെ പിതാവ് തവാബ് ഖാൻ പൊലീസിന് നൽകിയ പരാതിയിൽ ആരോപിച്ചു.
ഭർതൃവീട്ടിൽ നേരിട്ട പ്രശ്നങ്ങളെക്കുറിച്ച് നസിയ പലതവണ ഫോണിലൂടെ കുടുംബത്തെ അറിയിച്ചിരുന്നതായും പിതാവ് പറഞ്ഞു. മർദിക്കുകയും അധിക്ഷേപിക്കുകയും വീട്ടിൽനിന്ന് പുറത്താക്കുമെന്നും കൊല്ലുമെന്നും ഭീഷണിപ്പെടുത്തിയിരുന്നതായും പരാതിയിൽ പറയുന്നു. വിവാഹത്തിന് പിന്നാലെ തന്നെ ഇത്തരം പ്രശ്നങ്ങൾ ഉണ്ടായിരുന്നുവെന്നും കുടുംബം ആരോപിച്ചു.
സംഭവദിവസം നസിയയും ഭർത്താവും തമ്മിൽ തർക്കമുണ്ടായെന്നാണ് ഭർത്താവ് പൊലീസിന് നൽകിയ മൊഴി. തർക്കത്തിനിടെ നസിയ തന്നെ ഒരു മുറിയിൽ പൂട്ടിയിട്ടതായും തുടർന്ന് മറ്റൊരു മുറിയിലേക്ക് പോയതായും ഭർത്താവ് പറഞ്ഞു. പിന്നീട് ഉടമസ്ഥന്‍റെ സഹായത്തോടെ മുറിയിൽനിന്ന് പുറത്തിറങ്ങിയപ്പോൾ നസിയയെ സീലിങ് ഫാനിൽ തൂങ്ങിയ നിലയിൽ കണ്ടെന്നാണ് മൊഴി. തുടർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.
എന്നാൽ നസിയയുടെ മരണം ആത്മഹത്യയല്ലെന്നും ഭർതൃവീട്ടുകാർക്ക് സംഭവത്തിൽ പങ്കുണ്ടാകാമെന്നും കുടുംബം ആരോപിച്ചു. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തണമെന്നും കുടുംബം ആവശ്യപ്പെട്ടു. നസിയയുടെ പിതാവും സഹോദരനും എക്സിക്യൂട്ടീവ് മജിസ്ട്രേറ്റിന് മൊഴി നൽകിയിട്ടുണ്ട്.
സംഭവത്തിൽ ഭാരതീയ ന്യായ സംഹിതയിലെ 85, 108 വകുപ്പുകൾ പ്രകാരം പൊലീസ് കേസെടുത്തു. കുടുംബം ഉന്നയിച്ച ആരോപണങ്ങളും ഭർത്താവ് നൽകിയ മൊഴിയും ഉൾപ്പെടെ പരിശോധിച്ച് പൊലീസ് അന്വേഷണം തുടരുകയാണ്.