

ബെംഗളൂരുവിൽ രണ്ട് നേപ്പാളി യുവതികൾ മരത്തിൽ തൂങ്ങിമരിച്ച നിലയിൽ
file image
ബെംഗളൂരു: ബെംഗളൂരുവിൽ രണ്ട് നേപ്പാളി യുവതികളെ ഒരു മരത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വടക്കൻ ബെംഗളൂരുവിലുള്ള ജക്കൂറിൽ വ്യാഴാഴ്ച രാവിലെയാണ് സംഭവം.
നേപ്പാൾ സ്വദേശികളായ ശ്രീജന (22), റിത (23) എന്നിവരാണ് മരിച്ചത്. ജക്കൂറിലെ തുറന്ന പ്രദേശത്തെ മരത്തിലാണ് യുവതികളുടെ മൃതദേഹങ്ങൾ കണ്ടെത്തിയത്. ഒരു മരത്തിന്‍റെ രണ്ട് അറ്റങ്ങളിലായി ഒരേ സാരി ഉപയോഗിച്ചാണ് യുവതികളെ തൂങ്ങിയ നിലയിൽ കാണപ്പെട്ടത്.
പ്രദേശവാസികളാണ് മൃതദേഹങ്ങൾ കണ്ടത്. തുടർന്ന് പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. ആത്മഹത്യയാണോ കൊലപാതകമാണോ എന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടില്ല. മൃതദേഹങ്ങൾ യെലഹങ്ക സർക്കാർ ആശുപത്രി മോർച്ചറിയിലേക്ക് പോസ്റ്റ്മോർട്ടത്തിനായി മാറ്റി.
ബെംഗളൂരുവിൽ യുവതികൾ എപ്പോഴാണ് എത്തിയതെന്നും എന്തായിരുന്നു ഇവരുടെ ജോലിയെന്നതും സംബന്ധിച്ച് വിവരങ്ങൾ ലഭ്യമായിട്ടില്ല. സംഭവത്തിൽ സാധ്യമായ എല്ലാ കോണുകളിൽ നിന്നും അന്വേഷണം നടത്തുന്നുണ്ടെന്ന് പൊലീസ് പറഞ്ഞു.