

അവയവ മാഫിയയുമായി ലേക് ഷോർ ആശുപത്രി അധികൃതർക്കും ഡോക്റ്റർമാർക്കും നേരിട്ട് പങ്കുണ്ടോ- ഇഡി അന്വേഷണം
കൊച്ചി: വ്യാജ രേഖ ചമച്ച് അവയവക്കച്ചവടം നടത്തിയതുമായി ബന്ധപ്പെട്ട് കൊച്ചി ലേക് ഷോർ ആശുപത്രിയിലെ ഡോക്റ്റർമാരിലേയ്ക്ക് അന്വേഷണം വ്യാപിപ്പിച്ച് ഇഡി. കേസിന്‍റെ ഭാഗമായി ലേക് ഷോർ ആശുപത്രിയിലെ സീനിയർ കൺസൾട്ടന്‍റ് ഡോ.മുഹമ്മദ് ഇഖ്ബാലിനെ എൻഫോഴ്സ്മെന്‍റ് ഡയറക്റ്ററേറ്റ് ചോദ്യം ചെയ്തു. നിയമവിരുദ്ധമായി നടത്തിയ അവയവ മാറ്റ ശസ്ത്രക്രിയകൾക്ക് ഡോക്റ്റർമാർക്ക് വൻതുക കമ്മീഷൻ ലഭിച്ചിട്ടുണ്ടോ എന്നാണ് അന്വേഷണസംഘം പ്രധാനമായും പരിശോധിക്കുന്നത്.
പ്രതിസ്ഥാനത്തുള്ള ഡോക്റ്റർമാരുടെ ബാങ്ക് അക്കൗണ്ടുകൾ ഇഡി വിശദമായി പരിശോധിച്ചു വരികയാണ്. ഡോക്റ്റർമാരുടെ അനധികൃത സ്വത്തു സമ്പാദനത്തെക്കുറിച്ചും കേന്ദ്രീകൃതമായ അന്വേഷണം നടക്കുന്നുണ്ട്. നിയമപരമായ മാനദണ്ഡങ്ങൾ മറികടക്കാൻ വ്യാജ സർട്ടിഫിക്കറ്റുകളും രേഖകളും ചമച്ചതായാണ് കണ്ടെത്തൽ.
അവയവ മാഫിയയുമായി ആശുപത്രി അധികൃതർക്കും ഡോക്റ്റർമാർക്കും നേരിട്ട് പങ്കുണ്ടോ എന്നതിലേയ്ക്ക് വിരൽ ചൂണ്ടുന്നതാണ് ഇഡിയുടെ ഇപ്പോഴത്തെ നീക്കങ്ങൾ. വരും ദിവസങ്ങളിൽ കൂടുതൽ ഡോക്റ്റർമാരെ ചോദ്യം ചെയ്യുമെന്നാണ് വിവരം.