ശ്രീനഗറില്‍ ഭിക്ഷാടനം നിരോധിച്ച് ജമ്മു കശ്മീര്‍ സര്‍ക്കാര്‍

കേന്ദ്ര സര്‍ക്കാരിന്‍റെ പദ്ധതിയായ സപ്പോര്‍ട്ട് ഫോര്‍ മാര്‍ജിനലൈസ്ഡ് ഇന്‍ഡിവിജ്വല്‍സ് ഫോര്‍ ലൈവ്‌ലിഹുഡ് ആന്‍ഡ് എന്‍റർപ്രൈസിന്‍റെ ഭാഗമായാണ് ഭിക്ഷാടനത്തിനു വിലക്കേര്‍പ്പെടുത്തിയത്.
begging scam

ഭിക്ഷാടനത്തിൽ ഏർപ്പെട്ടിരിക്കുന്ന കുട്ടി (ഫയൽ ചിത്രം)

Updated on

ശ്രീനഗര്‍: തലസ്ഥാനമായ ശ്രീനഗറില്‍ ഭിക്ഷാടനത്തിനു വിലക്കേര്‍പ്പെടുത്തി ജമ്മു കശ്മീര്‍ സര്‍ക്കാര്‍. ഭിക്ഷാടനം നടക്കുന്നതു ശ്രദ്ധയില്‍പ്പെട്ടാല്‍ വിവരം അറിയിക്കണമെന്ന് ജില്ലാ ഭരണകൂടം പൊതുജനങ്ങളോട് നിര്‍ദേശിച്ചു.

കേന്ദ്ര സര്‍ക്കാരിന്‍റെ പദ്ധതിയായ സപ്പോര്‍ട്ട് ഫോര്‍ മാര്‍ജിനലൈസ്ഡ് ഇന്‍ഡിവിജ്വല്‍സ് ഫോര്‍ ലൈവ്‌ലിഹുഡ് ആന്‍ഡ് എന്‍റർപ്രൈസിന്‍റെ ഭാഗമായാണ് ഭിക്ഷാടനത്തിനു വിലക്കേര്‍പ്പെടുത്തിയത്. സംസ്ഥാന സാമൂഹികനീതി വകുപ്പാണ് പദ്ധതി നടപ്പാക്കുന്നത്. പദ്ധതി പ്രകാരം ഭിക്ഷാടകരെ പുനരധിവസിപ്പിക്കാണ് സര്‍ക്കാരിന്‍റെ നീക്കം. ഭിക്ഷാടനം നിരോധിച്ചതിനെ പറ്റി അറിയിക്കാന്‍ ശ്രീനഗറിലുടനീളം അറിയിപ്പ് നല്‍കും.

ഭിക്ഷാടനത്തില്‍ ഏര്‍പ്പെടുന്നവരെ പറ്റി വിവരം ലഭിച്ചാല്‍ അറിയിക്കണമെന്ന് അധികൃതര്‍ പൊതുജനങ്ങളോട് ആവശ്യപ്പെട്ടു. പൊതുവിടങ്ങളില്‍ ഭിക്ഷാടനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് ഒരുകാരണവശാലും പണം നല്‍കരുത്. അവരെക്കുറിച്ച് ഉടന്‍ ജില്ലാ ഭരണകൂടത്തിനു വിവരം കൈമാറണം.

കഴിഞ്ഞ രണ്ട് വര്‍ഷമായി ശ്രീനഗറില്‍ ആയിരത്തിലധികം പേര്‍ ഭിക്ഷാടനത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ടെന്നാണ് ജില്ലാ ഭരണകൂടത്തിന്‍റെ കണക്ക്. ഭിക്ഷാടനത്തില്‍ ഏര്‍പ്പെടുന്നവരെ അവരുടെ പ്രായപരിധി, സാഹചര്യങ്ങള്‍ എന്നിവ പരിഗണിച്ച് വൃദ്ധസദനങ്ങള്‍, ഷെല്‍ട്ടര്‍ ഹോമുകള്‍, ജുവനൈല്‍ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ പുനരധിവസിപ്പിക്കും. ഭിക്ഷാടനത്തില്‍ ഏര്‍പ്പെട്ടതിനെ തുടര്‍ന്ന് ഇതുവരെ പുനരധിവസിപ്പിച്ചതില്‍ ഭൂരിഭാഗവും കുട്ടികളാണെന്ന് അധികൃതര്‍ പറയുന്നു. കൗണ്‍സിലിങ്, വിദ്യാഭ്യാസത്തിനുള്ള സഹായം തുടങ്ങിയവ നല്‍കിയാണ് കുട്ടികളെ പുനരധിവസിപ്പിക്കുന്നത്.

ഭിക്ഷാടനം പൂര്‍ണമായി നിരോധിക്കാനുള്ള അധികൃതരുടെ നീക്കത്തിനു പൊതുജനങ്ങളില്‍നിന്ന് പിന്തുണയും ലഭിക്കുന്നുണ്ട്. ജനങ്ങളില്‍നിന്ന് പിന്തുണ ലഭിക്കുന്നതിനാല്‍ പദ്ധതി വിജയകരമാക്കാന്‍ സാധിക്കുമെന്നാണ് അധികൃരുടെ കണക്കുകൂട്ടല്‍.

logo
Metro Vaartha
www.metrovaartha.com