വളപട്ടണം മോഷണം; 300 പവനും ഒരു കോടിയും കവർന്നത് അയൽവാസി, ഒളിപ്പിച്ചത് മുറിയിലെ 'രഹസ്യ അറയിൽ'

രണ്ടു താക്കോലിട്ട് പ്രത്യേക രീതിയിൽ തുറക്കുന്ന ലോക്കറാണ് തുറന്ന് മോഷണം നടത്തിയത്.
valapattanam theft case, neighbor held
വളപട്ടണം മോഷണം; 300 പവനും ഒരു കോടിയും കവർന്നത് അയൽവാസി, ഒളിപ്പിച്ചത് മുറിയിലെ 'രഹസ്യ അറയിൽ'
Updated on

കണ്ണൂർ: വളപട്ടണത്തെ അരിവ്യാപാരിയുടെ വീട്ടിൽ നിന്ന് 300 പവൻ സ്വർണവും ഒരു കോടി രൂപയും കവർന്ന കേസിൽ അയൽവാസി ലിജീഷ് അറസ്റ്റിൽ. മോഷണത്തിൽ സിസിടിവി ദൃശ്യങ്ങൾ അടക്കം പൊലീസ് പുറത്തു വിട്ടു. ഫോൺ രേഖകളാണ് ലിജീഷിനെ കുടുക്കിയത്. കഴിഞ്ഞ മാസം 20നാണ് മോഷണം നടന്നത്. വ്യാപാരിയായ അഷ്റഫും കുടുംബവും മധുരയിൽ വിവാഹത്തിൽ പങ്കെടുത്ത് നവംബർ 24നാണ് വീട്ടിൽ തിരിച്ചെത്തിയത്. മോഷണ വിവരം അറിഞ്ഞതിനെത്തുടർന്ന് ഉടൻ പൊലീസിനെ അറിയിച്ചു. വീട്ടിലെ സിസിടിവി ദൃശ്യങ്ങളിൽ മോഷ്ടാവ് അകത്ത് കടന്ന് മോഷണം നടത്തിയതായി വ്യക്തമാണ്.

എന്നാൽ അകത്തു കയറിയ ഉടൻ സിസിടിവി ക്യാമറ മറയ്ക്കുന്നതിനാൽ മുഖം വ്യക്തമായിരുന്നില്ല. അടുത്തറിയാവുന്ന ആളാണ് മോഷ്ടാവെന്ന് പൊലീസ് സംശയിച്ചിരുന്നു. രണ്ടു താക്കോലിട്ട് പ്രത്യേക രീതിയിൽ തുറക്കുന്ന ലോക്കറാണ് തുറന്ന് മോഷണം നടത്തിയത്.

അതിനു പിറ്റേ ദിവസവും മോഷ്ടാവ് വീട്ടിൽ പ്രവേശിച്ചിരുന്നതായും സിസിടിവിയിൽ വ്യക്തമാണ്. ഇതാണ് മോഷ്ടാവ് പ്രദേശത്ത് നിന്നുള്ളയാളു തന്നെയായിരിക്കുമെന്ന സംശയത്തിനിടയാക്കിയത്.

വർഷങ്ങളായി പ്രദേശത്ത് താമസിക്കുന്ന ലിജീഷ് വെൽഡിങ് തൊഴിലാളിയാണ്. സ്വന്തം വീട്ടിലെ മുറിയിൽ കട്ടിലിനടിയിൽ നിർമിച്ച രഹസ്യ അറയിലാണ് മോഷണ വസ്തുക്കൾ ലിജീഷ് ഒളിപ്പിച്ചിരുന്നത്. മുമ്പ് ഒട്ടേറെ മോഷണക്കേസുകളിൽ പ്രതിയാണ് പിടിയിലായ ലിജീഷ് എന്നും പൊലീസ് പറയുന്നു. അഷ്റഫിന്‍റെ വീട് ലിജീഷ് നിരന്തരമായി നിരീക്ഷിച്ചു വരുകയായിരുന്നു. രണ്ടു ദിവസങ്ങളിലായാണ് 300 പവനും ഒരു കോടി രൂപയും ലിജീഷ് കവർന്നത്. മോഷണം പുറത്തറിഞ്ഞപ്പോൾ നാട്ടുകാർക്കൊപ്പം ലിജീഷും പ്രദേശത്തെത്തിയിരുന്നു. അന്വേഷണത്തിന്‍റെ ഭാഗമായി ലിജീഷിന്‍റെ വീട്ടിലും പൊലീസ് എത്തിയിരുന്നു. ലിജീഷിന്‍റെ തലയിൽ പറ്റിപ്പിടിച്ചിരുന്ന ചിലന്തിവലയെക്കുറിച്ച് ചോദിച്ചപ്പോൾ വ്യക്തമായ ഉത്തരം നൽകാൻ ലിജീഷിന് ആയിരുന്നില്ല. ഇതും സംശയത്തിന് ആക്കം കൂട്ടി. രണ്ടു തവണ വീട്ടിൽ കയറിയതിനാൽ പ്രൊഫഷണൽ സംഘമല്ല മോഷണത്തിനു പിന്നിലെന്ന് പൊലീസിന് വ്യക്തമായിരുന്നു. ലിജീഷ് പൊലീസിന്‍റെ നിരീക്ഷണത്തിലായിരുന്നുവെങ്കിലും ഞായറാഴ്ച രാവിലെയാണ് കസ്റ്റഡിയിലെടുത്തത്. മണിക്കൂറുകളോളം നീണ്ട ചോദ്യം ചെയ്യലിനൊടുവിൽ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു. തൊട്ടു പുറകേ ഇയാളുടെ വീട്ടിലെത്തി തൊണ്ടിമുതൽ പിടിച്ചെടുത്തു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com