

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുമായി പ്രണയം; വോളിബോൾ കളിക്കാരനെ തട്ടിക്കൊണ്ടു പോയി തല്ലിക്കൊന്നു
ഫരീദാബാദ്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുമായി പ്രണയത്തിലായതിനു പിന്നാലെ വോളിബോൾ കളിക്കാരനെ മർദിച്ച് കൊന്നതായി പരാതി. രാജസ്ഥാനിലെ സൈദ്പുർ ഗ്രാമത്തിൽ താമസിക്കുന്ന മോനു(21) ആണ് കൊല്ലപ്പെട്ടത്. പെൺകുട്ടിയുടെ വീട്ടുകാർ മോനുവിനെ തട്ടിക്കൊണ്ടു പോയി നിരന്തരമായി മർദിച്ചുവെന്ന് കാണിച്ച് മോനുവിന്‍റെ വീട്ടുകാരാണ് പരാതി നൽകിയിരിക്കുന്നത്. ഫരീദാബാദ് സ്വദേശിയായ പെൺകുട്ടിയുമായി മോനു അടുപ്പത്തിലായിരുന്നു.
ഈ പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയെന്ന് കാണിച്ച് ആദ്യം മോനുവിനെതിരേ പരാതി നൽകിയിരുന്നു. എന്നാൽ പിന്നീട് പെൺകുട്ടിയെ കണ്ടെത്തി. ഈ കേസുമായി ബന്ധപ്പെട്ട് മേയ് 17ന് പൊലീസ് സ്റ്റേഷനിലേക്ക് പുറപ്പെട്ട മോനുവിനെ പെൺകുട്ടിയുടെ വീട്ടുകാർ കടത്തിക്കൊണ്ടു പോകുകയായിരുന്നു.
മേയ് 20 വരെ മോനുവിനെ വീട്ടിൽ തന്നെ പൂട്ടിയിട്ടു മർദിച്ചു. ഭക്ഷണം നൽകിയിരുന്നില്ല. അവശനിലയിലായ മോനുവിനെ പിന്നീട് വീടിന് പുറത്തേക്ക് ഉപേക്ഷിക്കുകയായിരുന്നു. ആശുപത്രിയിൽ ചികിത്സ തേടിയെങ്കിലും വെള്ളിയാഴ്ചയോടെ മരണം സ്ഥിരീകരിച്ചു. കേസിൽ രണ്ടു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.