മാട്രിമോണിയൽ സൈറ്റ് വഴി വിവാഹത്തട്ടിപ്പ്; 12 വിവാഹം കഴിച്ച 21 കാരി അറസ്റ്റിൽ

വിവാഹം കഴിഞ്ഞ് മണിക്കൂറുകൾക്കുള്ളിൽ സംഘാംഗങ്ങൾ മുഖം മറച്ചെത്തി വധുവിനെ തട്ടിക്കൊണ്ടു പോകുന്നതായിരുന്നു പതിവ്
Wedding fraud, 12 wedding, 21 year-old woman held

മാട്രിമോണിയൽ സൈറ്റ് വഴി വിവാഹത്തട്ടിപ്പ്; 12 വിവാഹം കഴിച്ച 21 കാരി അറസ്റ്റിൽ

Updated on

ലഖ്നൗ: വിവാഹത്തട്ടിപ്പിലൂടെ 12 പേരുടെ പണവും സ്വർണവും അപഹരിച്ച കേസിൽ 21 വയസുകാരി അറസ്റ്റിൽ. ഉത്തർപ്രദേശിലെ ജൗൻപുർ സ്വദേശി ഗുൽഷാന റിയാസ് ഖാനാണ് അറസ്റ്റിലായത്.

അഞ്ച് സ്ത്രീകളും നാലു പുരുഷന്മാരുമടങ്ങുന്ന സംഘമാണ് വിവാഹത്തട്ടിപ്പിന് ഗുൽഷാനയെ സഹായിച്ചിരുന്നത്. ഇവരെയും പൊലീസ് പിടികൂടി. ഗുജറാത്തിൽ കാജൽ, ഹരിയാനയിൽ സീമ, ബിഹാറിൽ നേഹ, ഉത്തർപ്രദേശിൽ സ്വീറ്റി എന്നീ പേരുകളിലാണ് ഗുൽഷാന വധുവിന്‍റെ വേഷത്തിൽ എത്തിയിരുന്നതെന്ന് പൊലീസ് പറയുന്നു.

വിവിധ സംസ്ഥാനങ്ങളിലായാണ് തട്ടിപ്പ് നടത്തിയിരുന്നത്. മാട്രിമോണിയൽ സൈറ്റ് വഴി യുവാക്കളുടെ ബന്ധുക്കളുമായി ബന്ധപ്പെട്ടാണ് തട്ടിപ്പ് നടത്താറുള്ളത്. വരന്‍റെ വീട്ടുകാരുടെ വിശ്വാസം നേടിക്കഴിഞ്ഞാൽ വിവാഹം ഉറപ്പിക്കുന്നതിനായി വരന്‍റെ വീട്ടുകാരിൽ നിന്ന് പണം വാങ്ങും. പിന്നീട് ആർഭാടമായി വിവാഹവും നടത്തും.

വിവാഹം കഴിഞ്ഞ് മണിക്കൂറുകൾക്കുള്ളിൽ സംഘാംഗങ്ങൾ മുഖം മറച്ചെത്തി വധുവിനെ തട്ടിക്കൊണ്ടു പോകും. അതിനു മുൻപേ തന്നെ വരന്‍റെയും കുടുംബത്തിന്‍റെയും കൈയിൽ നിന്ന് പണവും സ്വർണവുമടക്കം ഇവർ കൈയിലാക്കിയിരിക്കും.

12 വിവാഹത്തിലും ഇതേ നാടകം തന്നെയാണ് അരങ്ങേറിയിരുന്നത്. യഥാർഥത്തിൽ ജോൻപുരിലെ തയ്യൽകാരനായ റിയാസ് ഖാന്‍റെ ഭാര്യയാണ് ഗുൽഷാന. റിയാസ് ഖാനും തട്ടിപ്പിന് കൂട്ടു നിന്നിരുന്നു.

ഹരിയാനയിൽ തട്ടിപ്പിനിരയായ യുവാവാണ് പൊലീസിൽ പരാതിപ്പെട്ടത്. റോഹ്തക് സ്വദേശിയായി യുവാവിന്‍റെ 80,000 രൂപയാണ് ഇവർ കൈക്കലാക്കിയത്. അന്വേഷണത്തിൽ തെളിവുകളോടെ സംഘം പിടിയിലായി.

പ്രതികളുടെ കൈയിൽ നിന്ന് 72,000 രൂപയും ഒരു ബൈക്കും 11 മൊബൈൽ ഫോണുകളും ഒരു സ്വർണത്താലിമാലയും മൂന്ന് വ്യാജ ആധാർ കാർഡുകളും പിടിച്ചെടുത്തിട്ടുണ്ട്. കൂടുതൽ പേർ തട്ടിപ്പിനിരയായിട്ടുണ്ടോ എന്നതിൽ അന്വേഷണം നടക്കുകയാണ്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com