

ബലാത്സംഗത്തിനു ശ്രമിച്ചയാളെ വെട്ടിക്കൊന്നു; 18കാരി അറസ്റ്റിൽ
ബാന്ദ: ബലാത്സംഗം ചെയ്യാൻ ശ്രമിച്ചയാളെ കൊന്ന കേസിൽ 18 വയസുള്ള പെൺകുട്ടി അറസ്റ്റിൽ. ഉത്തർപ്രദേശിലെ ബാന്ദ ജില്ലയിലെ മുർവാൾ ഗ്രാമത്തിലാണ് സംഭവം. 50 വയസുള്ള സുഖ്‌രാജ് പ്രജാപതിയാണ് കൊല്ലപ്പെട്ടത്. വ്യാഴാഴ്ച വൈകിട്ട് 3 മണിയോടെ പെൺകുട്ടിയുടെ വീട്ടിൽ അതിക്രമിച്ചു കയറിയ സുഖ്‌രാജ് പെൺകുട്ടിയെ ബലാത്സംഗം ചെയ്യാൻ ശ്രമിക്കുകയായിരുന്നു.
ആക്രമണത്തിൽ നിന്ന് രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ വീട്ടിലുണ്ടായിരുന്ന മഴുവെടുത്ത് പെൺകുട്ടി ഇയാളുടെ തലയ്ക്കു വെട്ടി. തലയിൽ ആഴത്തിൽ മുറിവേറ്റതാണ് മരണകാരണമെന്ന് പൊലീസ് പറയുന്നു.
പെൺകുട്ടിക്കെതിരേ പൊലീസ് കൊലക്കേസ് ഫയൽ ചെയ്തിട്ടുണ്ട്. കൊലപാതകത്തിന് ഉപയോഗിച്ച മഴുവും പിടിച്ചെടുത്തു. പെൺകുട്ടിയെ വെള്ളിയാഴ്ച കോടതിയിൽ ഹാജരാക്കും.