15 വർഷം മുൻപ് കൊന്ന് സെപ്റ്റിക് ടാങ്കിൽ താഴ്ത്തി
15 വർഷം മുൻപ് കൊന്ന് സെപ്റ്റിക് ടാങ്കിൽ താഴ്ത്തി

15 വർഷം മുൻപ് കൊന്ന് സെപ്റ്റിക് ടാങ്കിൽ താഴ്ത്തി; മാന്നാറിൽ കാണാതായ യുവതി കൊല്ലപ്പെട്ടതായി സംശയം

സെപ്റ്റിക് ടാങ്ക് കുഴിച്ച് പരിശോധന നടത്തുന്നു
Published on

ആലപ്പുഴ: 15 വർഷം മുൻപ് മാവേലിക്കരയിൽ നിന്ന് കാണാതായ മാന്നാർ സ്വദേശി കലയെ ഭർത്താവും സുഹൃത്തുക്കളും ചേർന്ന് കൊന്ന് സെപ്റ്റിക് ടാങ്കിൽ താഴ്ത്തുകയായിരുന്നുവെന്ന് പൊലീസ്. ഇതുമായി ബന്ധപ്പെട്ട തെളിവുകൾ ലഭിച്ചതിനെത്തുടർന്ന് കലയുടെ ഭർത്താവ് ഒഴികെ 5 പേരെ അറസ്റ്റ് ചെയ്തു. സെപ്റ്റിക് ടാങ്ക് തുറന്നു പരിശോധിക്കുമെന്ന് പൊലീസ് വ്യക്തമാക്കി.

കലയുടെയും ഭർത്താവ് അനിലിന്‍റെയും പ്രണയ വിവാഹമായിരുന്നു. ഇരുവരും വ്യത്യസ്ത സമുദായത്തിൽ നിന്നായിരുന്നതു കൊണ്ട് അനിലിന്‍റെ വീട്ടുകാർ ഇവരെ അംഗീകരിച്ചിരുന്നില്ല. അതു കൊണ്ടു തന്നെ ബന്ധുവീട്ടിലാണ് വിവാഹശേഷം ഇവർ താസമിച്ചിരുന്നത്. അതിനു ശേഷം അനിൽ അംഗോളയിലേക്ക് ജോലിക്കു പോയി. കലയ്ക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന് അപഖ്യാതി പടർന്നതിനെത്തുടർന്ന് ഇരുവരും തമ്മിൽ കലഹമുണ്ടായിരുന്നു. സ്വന്തം വീട്ടിലേക്ക് തിരിച്ചു പോകാൻ കല ഒരുങ്ങിയപ്പോൾ മകനെ തനിക്ക് വേണമെന്ന് അനിൽ ആവശ്യപ്പെട്ടിരുന്നു.

പിന്നീട് നാട്ടിലെത്തിയ ശേഷം സംസാരിക്കണമെന്നാവശ്യപ്പെട്ട് കലയെ അനിൽ വിളിച്ചു വരുത്തുകയും വാടകയ്ക്കെടുത്ത കാറിൽ കുട്ടനാട്ടിലേക്ക് യാത്ര പോകുകയുമായിരുന്നു. അതിനിടെ സുഹൃത്തുക്കളെ വിളിച്ചു വരുത്തി കാറിൽ വച്ചു തന്നെ കലയെ കൊലപ്പെടുത്തുകയും ഇരമത്തൂരിലെ വീടിനോട് ചേർന്ന സെപ്റ്റിക് ടാങ്കിൽ താഴ്ത്തുകയുമായിരുന്നുവെന്നും അറസ്റ്റിലായ പ്രതികൾ കുറ്റസമ്മതം നടത്തിയിട്ടുണ്ടെന്നും റിപ്പോർട്ടുകളുണ്ട്.

കലയെ കാണാതായ സമയത്ത് ബന്ധുക്കൾ പരാതി നൽ‌കിയിരുന്നെങ്കിലും അന്വേഷണം മുന്നോട്ടു പോയിരുന്നില്ല. അനിൽ വീണ്ടും വിദേശത്തേക്കു പോകുകയും രണ്ടാമതും വിവാഹിതനാകുകയും ചെയ്തു.

ഇരമത്തൂരിലെ വീട് പൊളിച്ചു പുതിയ വീട് പണിഞ്ഞിരുന്നുവെങ്കിലും ബാത്ത്റൂമും സെപ്റ്റിക് ടാങ്കും അതേ പോലെ തന്നെ നില നിർത്തുകയായിരുന്നു. വാസ്തുശാസ്ത്രം പ്രകാരമാണ് സെപ്റ്റിക് ടാങ്ക് പൊളിച്ചു നീക്കാത്തതെന്നാണ് അനിൽ നാട്ടുകാർക്ക് നൽകിയിരുന്ന വിശദീകരണം. ഇതും സംശയങ്ങൾക്ക് ഇട വച്ചിരുന്നു.

20 വയസ്സിലാണ് കലയെ കാണാതാകുന്നത്. മൂന്നു മാസങ്ങൾക്കു മുൻപ് മാന്നാർ പൊലീസ് സ്റ്റേഷനിൽ ലഭിച്ച ഊമക്കത്തിനെത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് വർഷങ്ങളോളമായി ചാരം മൂടിക്കിടന്നിരുന്ന കൊലപാതകക്കേസ് വെളിച്ചത്തു കൊണ്ടു വന്നത്. കൊലക്കേസിൽ ഉൾപ്പെട്ടുവെന്നു കരുതുന്ന ഒരാൾ സ്വന്തം ഭാര്യയുമായുണ്ടായ വാക്കേറ്റത്തിനിടെ അവളെപ്പോലെ നിന്നെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നാണ് ഊമക്കത്തിലുണ്ടായിരുന്നത്.

logo
Metro Vaartha
www.metrovaartha.com