ട്രെയിൻ യാത്രയ്ക്കിടെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി ബലാത്സംഗം; പണം കവർന്നുവെന്നും പരാതി
ട്രെയിൻ യാത്രയ്ക്കിടെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി ബലാത്സംഗം; പണം കവർന്നുവെന്നും പരാതി
ഹൈദരാബാദ്: ട്രെയ്‌ൻ യാത്രയ്ക്കിടെ യുവതിയെ യുവതിയെ കത്തികാട്ടി ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്തെന്ന് പരാതി. ആന്ധ്രാപ്രദേശിലെ ഗുണ്ടൂര്‍ - പെദക്കുറപദു റെയ്‌ൽവേ സ്റ്റേഷനുകൾക്കിടയിൽ കഴിഞ്ഞ 13നാണു സംഭവം. രാജമഹേന്ദ്രവാരം സ്വദേശിയായ യുവതി സാന്ദ്രാഗച്ചി സ്‌പെഷ്യല്‍ എക്‌സ്പ്രസില്‍ ചാർലപ്പള്ളിയിലേക്കു പോകുകയായിരുന്നു. ലേഡിസ് കംപാര്‍ട്ട്‌മെന്‍റില്‍ കയറിയ പ്രതി കത്തികാട്ടി ഭീഷണിപ്പെടുത്തി പീഡിപ്പിച്ചെന്നും പണവും മൊബൈല്‍ ഫോണും കവര്‍ച്ച ചെയ്‌തെന്നും മുപ്പത്തഞ്ചുകാരി പറഞ്ഞു. പരാതിയില്‍ സെക്കന്തരാബാദ് റെയ്‌ൽവേ പൊലീസ് കേസെടുത്തു. ട്രെയ്‌ന്‍ ഗുണ്ടൂര്‍ സ്റ്റേഷനില്‍ നിര്‍ത്തിയപ്പോള്‍, ഏകദേശം 40 വയസ് തോന്നിക്കുന്ന വ്യക്തി കംപാര്‍ട്ട്‌മെന്‍റില്‍ കയറാന്‍ ശ്രമിച്ചു.
ലേഡിസ് കംപാര്‍ട്ട്‌മെന്‍റ് ആണെന്ന് അറിയിച്ചു വാതിൽ പൂട്ടാൻ ശ്രമിച്ചെങ്കിലും ഇയാൾ ബലംപ്രയോഗിച്ച് കയറി. ഗുണ്ടൂരില്‍ നിന്നു ട്രെയ്‌ന്‍ നീങ്ങിത്തുടങ്ങിയപ്പോള്‍ ഇയാള്‍ കത്തികാട്ടി ഭീഷണിപ്പെടുത്തുകയും ബലാത്സംഗം ചെയ്യുകയുമായിരുന്നു എന്നാണ് യുവതിയുടെ പരാതിയില്‍ പറയുന്നത്. തന്‍റെ കൈവശമുണ്ടായിരുന്ന 5600 രൂപയും മൊബൈല്‍ ഫോണും ഇയാള്‍ കൈക്കലാക്കി.
റെയില്‍വേ സ്റ്റേഷനിലേക്ക് അടുത്തപ്പോള്‍ ഇയാള്‍ ചാടി രക്ഷപെട്ടുവെന്നും യുവതി അറിയിച്ചു. സംഭവത്തിന് ശേഷം യാത്ര തുടര്‍ന്ന യുവതി ചാര്‍ലപ്പള്ളിയിലെത്തിയ ശേഷം സെക്കന്തരാബാദ് റെയ്‌ൽവേ പൊലീസിനെ വിവരങ്ങള്‍ അറിയിക്കുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ സീറോ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയും പരാതി കൃത്യം നടന്നെന്ന് പറയുന്ന പ്രദേശം ഉള്‍പ്പെടുന്ന നദിക്കുടി സ്റ്റേഷന് കൈമാറിയെന്നും പൊലീസ് അറിയിച്ചു.