

മദ്യലഹരിയിൽ യൂട്യൂബ് നോക്കി ശസ്ത്രക്രിയ ചെയ്തു; യുവതി മരിച്ചു
ലക്നൗ: മദ്യലഹരിയിൽ യൂട്യൂബ് വിഡിയോ നോക്കി ശസ്ത്രക്രിയ ചെയ്തതിനെത്തുടർന്ന് യുവതി മരിച്ചതായി പരാതി. ഉത്തർപ്രദേശിലെ ബരാബാങ്കിയിലാണ് സംഭവം. തേബഹാദൂർ റാവത്തിന്‍റെ ഭാര്യ മുനിശ്ര റാവത്താണ് മരിച്ചത്. വൃക്കയിൽകല്ലുമായി ബന്ധപ്പെട്ടുണ്ടായ വേദനയെത്തുടർന്നാണ് മുനിശ്രയെ ശ്രീ ദാമോദർ ഔഷധാലയത്തിലെത്തിച്ചതെന്ന് റാവത്ത് പറയുന്നു. ക്ലിനിക് നടത്തിയിരുന്ന ജ്ഞാൻ പ്രകാശ് മിശ്ര വേദന മാറ്റുന്നതിനായി ശസ്ത്രക്രിയ ശുപാർശ ചെയ്തു. ശസ്ത്രക്രിയയ്ക്കായി 25,000 രൂപയും ആവശ്യപ്പെട്ടു.
20,000 രൂപ അടച്ചതിനു ശേഷമാണ് ശസ്ത്രക്രിയ ആരംഭിച്ചതെന്ന് റാവുത്ത് പറയുന്നു. എന്നാൽ മിശ്ര മദ്യലഹരിയിലാണ് ഓപ്പറേഷൻ തിയറ്ററിലേക്കെത്തിയതെന്നും യൂട്യൂബ് വിഡിയോ നോക്കിയാണ് ശസ്ത്രക്രിയ ചെയ്തതെന്നുമാണ് റാവുത്തിന്‍റെ പരാതി. മുനിശ്രയുടെ വയറിൽ മിശ്ര ആഴത്തിൽ മുറിവുണ്ടാക്കിയിരുന്നു.
നിരവധി രക്തക്കുഴലുകൾ മുറിഞ്ഞിരുന്നു. ഇതേ തുടർന്ന് അടുത്ത ദിവസം തന്നെ മുനിശ്ര മരിച്ചു. മിശ്രയുടെ അനന്തരവൻ വിവേവ് കുമാർ മിശ്രയാണ് ശസ്ത്രക്രിയയുടെ സമയത്ത് ഒപ്പമുണ്ടായിരുന്നത്. അനവധി വർഷങ്ങളായി വിവേക് കുമാർ മിശ്രയുടെ സർക്കാർ ജോലിയുടെ മറവിൽ അനധികൃതമായി ക്ലിനിക്ക് നടത്തുകയായിരുന്നുവെന്നാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്. ക്ലിനിക്ക് പൊലീസ് അടച്ചു പൂട്ടി. അന്വേഷണം ആരംഭിച്ചു.