ചേരാനല്ലൂർ അപകടം: വാദം ഇനി അട‌ച്ചിട്ട കോടതിയിൽ

കുടുംബം അന്വേഷത്തെ തടസപ്പെടുത്താന്‍ ശ്രമിക്കുന്നുവെന്ന് പ്രോസിക്യൂഷന്‍ തന്നെ കോടതിയില്‍ അറിയിച്ചു
ചേരാനല്ലൂർ അപകടം: വാദം ഇനി അട‌ച്ചിട്ട കോടതിയിൽ

17 വയസുകാരൻ ബെൻസ് കാർ ഒടിച്ച് ഒരാളെ കൊലപ്പെടുത്തിയ കേസ്.

Updated on: 

കൊച്ചി: 17 വയസുകാരൻ എറണാകുളം ചേരാനല്ലൂരിൽ രാത്രി ബെൻസ് കാർ ഒടിച്ച് ഒരാളെ കൊലപ്പെടുത്തിയ കേസിലെ വാദങ്ങള്‍ ഇനി അടച്ചിട്ട കോടതി മുറിയില്‍. പ്രിന്‍സിപ്പല്‍ സെഷന്‍ കോടതിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

അതേസമയം കൊല്ലപ്പെട്ട സ്കൂട്ടർ യാത്രികനായ തട്ടുകടക്കാരൻ ജയബാലകൃഷ്ണന്‍റെ കുടുംബത്തിനെതിരേ പ്രോസിക്യൂഷന്‍ വിമര്‍ശനമുന്നയിച്ചു. കുടുംബം അന്വേഷത്തെ തടസപ്പെടുത്താന്‍ ശ്രമിക്കുന്നുവെന്നാണ് പ്രോസിക്യൂഷന്‍ തന്നെ കോടതിയില്‍ അറിയിച്ചിരിക്കുന്നത്. കോടതി നടപടികളെക്കുറിച്ച് മാധ്യമങ്ങള്‍ക്ക് തെറ്റായ വിവരമാണ് ജയബാലകൃഷ്ണന്‍റെ കുടുംബം നല്‍കിയതെന്നും പ്രോസിക്യൂഷന്‍ അറിയിച്ചു.

എന്നാല്‍ പ്രോസിക്യൂഷനെതിരേ കോടതി രംഗത്തെത്തി. പ്രോസിക്യൂഷനെക്കുറിച്ച് പരാതി ഉണ്ടെങ്കില്‍ കോടതിയെ അറിയിക്കണമെന്നും 7 വര്‍ഷമായി ഈ പ്രോസിക്യൂട്ടര്‍ കോടതിയില്‍ ഉണ്ടെന്നും കോടതി കുടുംബത്തെ അറിയിച്ചു.

പ്രതിക്കെതിരായ തെളിവുകള്‍ നശിപ്പിക്കപ്പെടുമെന്ന് ആശങ്കയുണ്ടെന്ന് അറിയിച്ച് കോടതി ജയബാലകൃഷ്ണന്‍റെ കുടുംബം നേരത്തേ പരാതി നല്‍കിയിരുന്നു. ഇന്നലെ കോടതി തെളിവു നശിപ്പിക്കല്‍ കുറ്റം ചേര്‍ക്കുകയും ചെയ്തിരുന്നു. തെളിവുകള്‍ നശിപ്പിക്കപ്പെട്ടാല്‍ കേസിനെ പ്രതികൂലമായി ബാധിക്കുമെന്നും പ്രതിയുടെ കുടുംബത്തിന് വലിയ സ്വാധീനമുണ്ടെന്നും കുടുംബം മാധ്യമങ്ങളോടും ആശങ്ക പങ്കുവച്ചിരുന്നു. ഈ സാഹചര്യത്തിലാണ് പ്രോസിക്യൂഷന്‍ കുടുംബത്തിനെതിരേ കോടതിയില്‍ എത്തിയത്.

അതേസമയം, 17കാരന്‍റെ പിതാവായ ജില്ലാ ജഡ്ജിക്കെതിരേ പുതിയ വകുപ്പുകള്‍ ചേര്‍ത്തു. ബിഎന്‍എസ് 238 പ്രകാരം തെളിവു നശിപ്പിക്കല്‍ കുറ്റമാണ് ചുമത്തിയത്. ക്രൈം ബ്രാഞ്ച് കോടതിയിൽ റിപ്പോർട്ട് നൽകി. ജഡ്ജി തെളിവ് നശിപ്പിച്ചിട്ടുണ്ടോ എന്ന് ക്രൈം ബ്രാഞ്ച് അന്വേഷിക്കും. തെളിവ് നശിപ്പിച്ചുവെന്ന് ജയബാലകൃഷ്ണന്‍റെ കുടുംബം പരാതി നൽകിയിരുന്നു. മകനെ രക്ഷിക്കാന്‍ ജഡ്ജി ഇടപെട്ട് തെളിവ് നശിപ്പിച്ചുവെന്നും കുടുംബം ആരോപിച്ചിരുന്നു.

കേസ് ക്രൈം ബ്രാഞ്ച് അന്വേഷിക്കുമെന്ന് പുതിയ കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ ആര്‍. നിശാന്തിനി പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ കുറ്റം കൂടി ചുമത്തി കോടതിയില്‍ പൊലീസ് റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്.