മൂന്നാം നിലയിൽ നിന്ന് താഴേക്ക് എറിഞ്ഞ ഗ്യാസ് സിലിണ്ടർ തലയിലിടിച്ച് യുവാവിന് ദാരുണാന്ത്യം

തെക്കുപടിഞ്ഞാറൻ ഡൽഹിയിലെ ബിന്ദാപുരിലാണ് സംഭവം
Young man dies tragically after gas cylinder hits his head

ഗ്യാസ് സിലിണ്ടർ തലയിലിടിച്ച് യുവാവിന് ദാരുണാന്ത്യം

Updated on: 

ന്യൂഡൽഹി: തർക്കത്തിനിടെ കെട്ടിടത്തിന്‍റെ മൂന്നാം നിലയിൽ നിന്ന് താഴേക്ക് എറിഞ്ഞ പാചകവാതക സിലിണ്ടർ തലയിലിടിച്ച് 30കാരന് ദാരുണാന്ത്യം. തെക്കുപടിഞ്ഞാറൻ ഡൽഹിയിലെ ബിന്ദാപുരിലാണ് സംഭവം. മൂന്നാം നിലയിൽ നിന്ന് നിറച്ച എൽപിജി സിലിണ്ടർ താഴേക്ക് എറിയുകയായിരുന്നുവെന്ന് പൊലീസ് വൃത്തങ്ങൾ അറിയിച്ചു.

സാഹിൽ എന്ന യുവാവാണ് മരിച്ചത്. വെള്ളിയാഴ്ച വൈകിട്ട് 6.30ഓടെ താലാബ് വാല പാർക്ക് മേഖലയിലായിരുന്നു സംഭവം. കെട്ടിടത്തിന് പുറത്ത് നിൽക്കുകയായിരുന്ന സാഹിലിന്‍റെ തലയിലേക്ക് ബാൽക്കണിയിൽ നിന്ന് സിലിണ്ടർ പതിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ സാഹിലിനെ നാട്ടുകാർ ആദ്യം സമീപത്തെ ആശുപത്രിയിലെത്തിച്ചു. പിന്നീട് ദീൻ ദയാൽ ഉപാധ്യായ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരണം സംഭവിച്ചതായി ഡോക്റ്റർമാർ സ്ഥിരീകരിച്ചു.

ഭാര്യയ്ക്കും ഒരു വയസുള്ള മകനുമൊപ്പം കെട്ടിടത്തിന്‍റെ താഴത്തെ നിലയിൽ വാടകയ്ക്ക് താമസിച്ചുവരികയായിരുന്നു സാഹിൽ.

സംഭവവുമായി ബന്ധപ്പെട്ട് കെട്ടിട ഉടമയുടെ സഹോദരപുത്രനായ ശിവം ശർമയെ പൊലീസ് കസ്റ്റഡിയിലെടുത്തു. അമ്മയുമായുള്ള തർക്കത്തിനിടെ ശർമ സിലിണ്ടർ താഴേക്ക് എറിയുകയായിരുന്നു. ശർമ പതിവായി മദ്യപിച്ച് വീട്ടിൽ ബഹളമുണ്ടാക്കാറുണ്ടെന്നും ഇതുസംബന്ധിച്ച് കെട്ടിട ഉടമയ്ക്ക് പരാതികൾ നൽകിയിരുന്നുവെന്നും അയൽവാസികൾ പറഞ്ഞു.

വെള്ളിയാഴ്ച വൈകിട്ടും ശർമയും അമ്മയും തമ്മിൽ തർക്കമുണ്ടായി. ഇതിന് പിന്നാലെ പ്രകോപിതനായ ശർമ സിലിണ്ടർ താഴേക്ക് എറിയുകയായിരുന്നുവെന്നാണ് അയൽവാസികൾ പറഞ്ഞു.

തർക്കത്തിനിടെ സിലിണ്ടർ മനഃപൂർവം താഴേക്ക് എറിഞ്ഞതാണോ അതോ അബദ്ധത്തിൽ താഴെ വീണതാണോ എന്ന് പൊലീസ് അന്വേഷിച്ചുവരികയാണ്.