

അമ്മ പ്രായം കുറഞ്ഞയാളെ വിവാഹം കഴിച്ചു; ന്യൂസിലൻഡിൽ നിന്നെത്തിയ മകൻ രണ്ടാനച്ഛനെ കൊന്നു
റാംപുർ: അമ്മ തന്നേക്കാൾ പ്രായം കുറഞ്ഞയാളെ വിവാഹം കഴിച്ചതിന്‍റെ പക വീട്ടാൻ രണ്ടാനച്ഛനെ വെടിവച്ച് കൊലപ്പെടുത്തി മകൻ. ഉത്തർപ്രദേശിലെ റാംപുർ ജില്ലയിലാണ് സംഭവം. 30 വയസുള്ള നവ്ജോത് ആണ് കൊല്ലപ്പെട്ടത്. കേസിൽ 22 വയസുള്ള അവ്ദീപ് സിങ് പിടിയിലായി. ന്യൂസിലൻഡിൽ ആയിരുന്ന അവ്ദീപ് സിങ് അമ്മയുടെ വിവാഹക്കാര്യം അറിഞ്ഞ് നാട്ടിലെത്തുകയായിരുന്നു. 49 വയസുള്ള അമ്മ കമൽ കൗർ നവ്ജോതിനെ വിവാഹം കഴിക്കുന്നതിനെ അവ്ദീപ് എതിർത്തിരുന്നു. എന്നാൽ അതു കാര്യമാക്കാതെ ഇരുവരും വിവാഹം കഴിച്ചു.
അതിനു പിന്നാലെ നാട്ടിലെത്തിയ അവ്ദീപ് കസിൻ രജൻദീപ് സിങ്ങുമായി ഗൂഢാലോചന നടത്തിയാണ് കൊലപാതകം നടപ്പിലാക്കിയത്. താഹ് കലാൻ ഗ്രാമവാസിയായ നവ്ജോത് ഒരു വാഷിങ് ഹബ് നടത്തി വരുകയായിരുന്നു. കടയിലെത്തിയ നവ്ജോതിനെതിരേ ആൾട്ടോ കാറിലെത്തിയ യുവാക്കൾ വെടിയുതിർത്ത ശേഷം സ്ഥലത്തു നിന്ന് രക്ഷപ്പെടുകയായിരുന്നു.
വെടി കൊണ്ട നവ്ജോത് സ്ഥലത്തു വച്ചു തന്നെ മരിച്ചു. നവ്ജോതിന്‍റെ പിതാവിന്‍റെ പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മണിക്കൂറുകൾക്കുള്ളിൽ തന്നെ പ്രതികളെ പൊലീസ് പിടികൂടി. ഇരുവരുടെയും കൈയിലുണ്ടായിരുന് തോക്കും വെടിയുണ്ടകളും കാറും പിടിച്ചെടുത്തിട്ടുണ്ട്.