
ഷിബ്ബ, ദീപക്
ഫരീദാബാദ്: പത്ത് വർഷം നീണ്ട പ്രണയത്തിനൊടുവിൽ കാമുകിയെ ശ്വാസം മുട്ടിച്ച് കൊന്ന യുവാവ് അറസ്റ്റിൽ. ഹരിയാനയിലെ ഫരീദാബാദിലാണ് സംഭവം. 33 വയസുകാരിയായ ഷിബ്ബയാണ് കൊല്ലപ്പെട്ടത്. ഓൺലൈനിൽ വസ്ത്ര വിൽപ്പന നടത്തുന്ന ദീപക് എന്നയാളെ പൊലീസ് പിടികൂടി.
ഷിബ്ബയുമായി 10 വർഷമായി പ്രണയത്തിലായിരുന്നുവെന്നും, മതപരമായ വ്യത്യസ്തതകൾ മൂലം കഴിഞ്ഞ കുറച്ചു കാലമായി തങ്ങൾ പരസ്പരം കലഹിച്ചിരുന്നുവെന്നും പൊലീസിനു ദീപക് മൊഴി നൽകി. വിവാഹം കഴിക്കാൻ ഷിബ്ബ നിർബന്ധിച്ചതിനെത്തുടർന്നാണ് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതെന്നും ഇയാൾ കുറ്റസമ്മതം നടത്തി.
ജൂലൈ 24ന് ഐപി കോളനിയിലെ ഹോട്ടൽ മുറിയിൽ വച്ചാണ് ഷിബ്ബയെ കൊലപ്പെടുത്തിയത്. സ്വകാര്യ ബാങ്കിൽ ഇൻഷുറൻസ് അഡ്വൈസർ ആയി ജോലി ചെയ്യുകയായിരുന്നു ഷിബ്ബ. സാധാരണ പോലെ ജോലിക്കു പോയ ഷിബ്ബ ഏറെ വൈകിയിട്ടും തിരിച്ചെത്താതായപ്പോഴാണ് കുടുംബാംഗങ്ങൾ പരാതി നൽകിയത്.
ജൂലൈ 15ന് വാടകയ്ക്ക് നൽകിയ മുറി തുറക്കാനാകുന്നില്ലെന്ന് കാണിച്ച് ഹോട്ടൽ ഉടമയും പൊലീസിനെ സമീപിച്ചു. പൊലീസ് എത്തി തുറന്നപ്പോഴാണ് ഷിബ്ബയുടെ മൃതദേഹം കണ്ടെത്തിയത്. കഴുത്തു ഞെരിച്ചതിന്‍റെ അടയാളങ്ങൾ ഷിബ്ബയുടെ കഴുത്തിൽ കണ്ടെത്തിയിരുന്നു.
ജൂലൈ 24ന് ദീപക്കിനൊപ്പം ഷിബ്ബ ഹോട്ടൽ മുറിയിലേക്ക് കടക്കുന്നതും പിന്നീട് ദീപക് തനിച്ച് മുറിയിൽ നിന്ന് ഇറങ്ങി പോകുന്നതും സിസിടിവി ക്യാമറയിൽ വ്യക്തമാണ്. ഇതെത്തുടർന്ന് മൊബൈൽ ഫോൺ ട്രാക്ക് ചെയ്ത് ഡൽഹിയിൽ നിന്ന് ദീപക്കിനെ പൊലീസ് അറസ്റ്റ് ചെയ്തു.