POCSO case verdict
9 വയസ്സുകാരിലെ പീഡിപ്പിച്ചത് 4 വർഷം; 41കാരന് 86 വർഷം കഠിന തടവും 75,000 രൂപ പിഴയും

9 വയസ്സുകാരിലെ പീഡിപ്പിച്ചത് 4 വർഷം; 41കാരന് 86 വർഷം കഠിന തടവും 75,000 രൂപ പിഴയും

പിഴത്തുക അടച്ചില്ലെങ്കില്‍ 19 മാസം കൂടുതല്‍ തടവ് അനുഭവിക്കണം.
Published on

തിരുവനന്തപുരം: ഒമ്പതുവയസുകാരിയെ നാലുവര്‍ഷം നിരന്തരമായി പീഡിപ്പിച്ച കേസില്‍ ഗുണ്ടയായ പ്രതിക്ക് 86 വര്‍ഷം കഠിനതടവും 75,000രൂപ പിഴയും. പത്തോളം കേസില്‍ പ്രതീയായ കുടപ്പനക്കുന്ന് ഹാര്‍വീപുരം സ്വദേശി ലാത്തി രതീഷ് എന്ന രതീഷ് കുമാറി(41)നെയാണ് തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതി ജഡ്ജി ആര്‍. രേഖ ശിക്ഷിച്ചത്. പിഴത്തുക അടച്ചില്ലെങ്കില്‍ 19 മാസം കൂടുതല്‍ തടവ് അനുഭവിക്കണം. പിഴത്തുക കുട്ടിക്ക് നല്‍കണമെന്ന് കോടതി വിധിന്യായത്തില്‍ ചൂണ്ടിക്കാട്ടി.

2015ലാണ് ഇയാള്‍ കുട്ടിയെ ആദ്യമായി പീഡിപ്പിച്ചത്. കുട്ടി കളിക്കുന്നതിനിടെ പ്രതിയുടെ വീടിന്‍റെ ടെറസില്‍ കയറിയപ്പോഴാണ് കുട്ടിയുടെ സ്വകാര്യഭാഗങ്ങളില്‍ പിടിച്ചത്. ആ വര്‍ഷം തന്നെ പിന്നീട് കുട്ടിയുടെ വീടിന്‍റെ പിന്‍ഭാഗത്തുള്ള ഒഴിഞ്ഞ സ്ഥലത്ത് കൂട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു. തുടര്‍ന്ന് 2019ല്‍ രണ്ടുതവണ പ്രകൃതിവിരുദ്ധ പീഡനത്തിനും ഇരയാക്കി. ഇയാള്‍ പ്രധാന ഗുണ്ട ആയതിനാല്‍ കുട്ടി പുറത്തുപറയാന്‍ ഭയന്നു. ഇതേ വര്‍ഷം തന്നെ കുട്ടിയെ കാറില്‍ തട്ടിക്കൊണ്ടുപോയി കാറിനുള്ളില്‍ വച്ചും പീഡിപ്പിച്ചു.

കുട്ടിയെ ഭീഷണിപെടുത്തി സ്വകര്യസ്ഥാപനത്തില്‍ നിന്ന് സാധനങ്ങള്‍ മോഷ്ടിക്കാന്‍ പറഞ്ഞുവിട്ടപ്പോഴാണ് സംഭവം പുറത്തുവന്നത്. മോഷ്ടിക്കവെ പിടിക്കപ്പെട്ടപ്പോള്‍ ഇയാള്‍ പറഞ്ഞിട്ടാണ് സാധനങ്ങള്‍ എടുത്തത് എന്ന് കുട്ടി സ്ഥാപനത്തിലെ ജീവനക്കാരികളോട് വെളിപ്പെടുത്തി. അവര്‍ പുറത്തുവന്ന് നോക്കിപ്പോഴേക്കും ഇയാള്‍ രക്ഷപ്പെട്ടിരുന്നു. അവര്‍ ആരാഞ്ഞപ്പോഴാണ് പീഡനം സംബന്ധിച്ച വിവരങ്ങള്‍ കുട്ടി വെളിപ്പെടുത്തിയത്. അവര്‍ കുട്ടിയെ വീട്ടില്‍ കൊണ്ടാക്കുകയും അമ്മയോട് കാര്യങ്ങള്‍ പറയുകയും ചെയ്തു. വീട്ടുകാര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് തെളിവുകള്‍ ശേഖരിച്ച് പേരൂര്‍ക്കട പൊലീസ് ഇയാളെ അറസ്റ്റുചെയ്തത്. കുറ്റകൃത്യങ്ങളുടെ ഗൗരവം കണക്കിലെടുത്ത് ആവര്‍ത്തിക്കാതിരിക്കാനും സമൂഹത്തിന് ശക്തമായ സന്ദേശം നല്‍കാനുമായി പ്രതി കടുത്ത ശിക്ഷയ്ക്ക് അര്‍ഹനാണെന്ന് കോടതി വിധിന്യായത്തില്‍ പറഞ്ഞിട്ടുണ്ട്.