

കെപിസിസി പ്രസിഡന്‍റ് സ്ഥാനത്തേക്ക് കൊടിക്കുന്നിൽ സുരേഷിന് സാധ്യത.
https://www.facebook.com/kodikunnilMP
ശരത് ഉമയനല്ലൂർ
തിരുവനന്തപുരം: സംസ്ഥാനത്തെ മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള പോര് ഒരുവിധം ഒതുക്കി തീർത്ത ഹൈക്കമാൻഡിന് ഇനിയുള്ള വെല്ലുവിളി കെപിസിസി അധ്യക്ഷ സ്ഥാനം. ഇപ്പോഴത്തെ പ്രസിഡന്‍റ് സണ്ണി ജോസഫ് മന്ത്രിയായതോടെയാണ് പുതിയ അധ്യക്ഷനെ കണ്ടെത്തേണ്ടി വരുന്നത്. സണ്ണി ജോസഫിനൊപ്പം വര്‍ക്കിങ് പ്രസിഡന്‍റുമാരായ എ.പി. അനില്‍കുമാറും പി.സി. വിഷ്ണുനാഥും മന്ത്രിസഭയില്‍ ചേര്‍ന്നു. പിന്നെയുള്ള വര്‍ക്കിങ് പ്രസിഡന്‍റ് ഷാഫി പറമ്പിൽ എംപിയാണ്. മറ്റു പല കെപിസിസി ഭാരവാഹികളും മന്ത്രിമാരും എംഎല്‍എമാരുമായി മാറി.
ഈ മാസം അവസാനത്തിനു മുൻപ് പുതിയ അധ്യക്ഷനെ തെരഞ്ഞെടുക്കാനാണ് ഹൈക്കമാൻഡിന്‍റെ തീരുമാനം. ഈയാഴ്ച തന്നെ നിരീക്ഷകനെ നിയോഗിക്കും. കോണ്‍ഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ഉടൻ പ്രമുഖ നേതാക്കളെ ഡൽഹിയിലേക്ക് വിളിപ്പിക്കും. മുന്‍ യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബഹനാന്‍, ലോക്സഭയിലെ കോണ്‍ഗ്രസ് ചീഫ് വിപ്പ് കൊടിക്കുന്നില്‍ സുരേഷ്, ജോസഫ് വാഴയ്ക്കന്‍, ആന്‍റോ ആന്‍റണി എംപി, യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് എന്നിവരാണ് നിലവിൽ കെപിസിസി പ്രസിഡന്‍റ് സ്ഥാനത്തേക്ക് അവകാശവാദം ഉന്നയിക്കുന്നത്.
പുനഃസംഘടനയുടെ ഭാഗമായി എംഎല്‍എമാരെയും മന്ത്രിമാരെയും കെപിസിസി ഭാരവാഹി സ്ഥാനങ്ങളിലേക്ക് നിയമിക്കാൻ സാധ്യതയില്ലെന്നറിയുന്നു. തെരഞ്ഞെടുപ്പിൽ മത്സരിച്ചവരെയും ഒഴിവാക്കും. നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ പാര്‍ട്ടി ഹൈക്കമാന്‍ഡ് നേതാക്കള്‍ക്ക് നല്‍കിയ ഉറപ്പിന്‍റെ പശ്ചാത്തലത്തിലാണിത്. യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ മത്സരിക്കാന്‍ സീറ്റ് ലഭിക്കാത്തവരെ സര്‍ക്കാരിലെയും പാര്‍ട്ടിയിലെയും വിവിധ പദവികളിലേക്ക് പരിഗണിക്കുമെന്ന് അന്ന് ഉറപ്പ് നല്‍കിയിരുന്നു.
'വിഴുപ്പലക്കൽ' പരമാവധി ഒഴിവാക്കാനാണ് ഹൈക്കമാൻഡ് ലക്ഷ്യമിടുന്നത്. മന്ത്രിസഭാ രൂപീകരണത്തിൽ ജാതി, സമുദായ സമവാക്യങ്ങൾ തീരുമാനിച്ച് പ്രാതിനിധ്യം നൽകിയതിനാൽ കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് അത് നിർബന്ധമാക്കേണ്ടെന്ന് ഹൈക്കമാൻഡ് നിർദേശിച്ചതായി അറിയുന്നു. കെ. സുധാകരൻ ഒഴിയുന്ന സമയത്തും പലരും കെപിസിസി പ്രസിഡന്‍റ് സ്ഥാനത്തിനായി അവകാശവാദം ഉന്നയിച്ചിരുന്നു. എന്നാൽ, ക്രൈസ്തവ വിഭാഗത്തിൽപ്പെട്ട ഒരാൾ വരട്ടെ എന്ന നിലയിലാണ് സണ്ണി ജോസഫിനെ നിയോഗിച്ചത്.
കൊടിക്കുന്നിൽ മുൻ വർഷങ്ങളിൽ തഴയപ്പെട്ട കാര്യം ഓർമിപ്പിച്ച് അധ്യക്ഷ സ്ഥാനത്തിനായി മുന്നിലുണ്ട്. നിലവിൽ കൊടിക്കുന്നിൽ സുരേഷ് കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ വിശ്വസ്തനും പ്രിയപ്പെട്ടയാളുമാണ്. മുഖ്യമന്ത്രി വി.ഡി. സതീശനും എഐസിസി സെക്രട്ടി കെ.സി. വേണുഗോപാലിനും കൊടിക്കുന്നിലിനോട് എതിർപ്പ് വരാനിടയില്ല. ഇരുവരുമായും നല്ല ബന്ധം കാത്തുസൂക്ഷിക്കുന്നുണ്ട്.
രമേശ് ചെന്നിത്തലയുടെ നോമിനിയായി ജോസഫ് വാഴയ്ക്കനും അധ്യക്ഷ സ്ഥാനത്തേക്ക് പിടിക്കുന്നുണ്ട്. കഴിഞ്ഞ തവണ ഒഴിവാക്കപ്പെട്ട ആന്‍റോ ആന്‍റണിയും അരുവിക്കരയിൽ നിന്നു മത്സരിച്ചു തോറ്റ വി.എസ്. ശിവകുമാറും അധ്യക്ഷസ്ഥാനത്തേക്ക് പിടിമുറുക്കും. മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ നടത്തിയതുപോലെ കെപിസിസി അധ്യക്ഷ സ്ഥാനത്തിനും നിരീക്ഷകരെ വച്ച് പാർട്ടി നേതാക്കളിൽ നിന്നു റിപ്പോർട്ട് തേടാനാണ് ഹൈക്കമാൻഡ് തീരുമാനം. മഹാരാഷ്ട്ര, ഡല്‍ഹി, അരുണാചല്‍ പ്രദേശ്, ത്രിപുര എന്നീ സംസ്ഥാനങ്ങളിലേക്കുള്ള നിരീക്ഷകരെ കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ ഇതിനകം പ്രഖ്യാപിച്ചുകഴിഞ്ഞു.