

എം.എ. ബേബി
ശരത് ഉമയനല്ലൂർ
തിരുവനന്തപുരം: സഹനവും ജ്വലനവും സമന്വയിച്ച സമരതീക്ഷ്ണമായ ഇന്നലെകളിൽ നിന്ന് ഉരുവപ്പെടുത്തിയെടുത്തതാണ് മറിയം അലക്സാണ്ടർ ബേബിയെന്ന എം.എ. ബേബിയുടെ രാഷ്‌ട്രീയം. 1980 മുതൽ 92 വരെ സിപിഎം ജനറൽ സെക്രട്ടറിയായിരുന്ന ഇ.എം.എസ് നമ്പൂതിരിപ്പാടിന് ശേഷം പാർട്ടി ജനറൽ സെക്രട്ടറി സ്ഥാനത്തെത്തുന്ന രണ്ടാമത്തെ മലയാളി. പാലക്കാട്ട് വേരുകളുള്ള പ്രകാശ് കാരാട്ട് നേരത്തേ ജനറൽ സെക്രട്ടറിയായിട്ടുണ്ടെങ്കിലും തനി മലയാളിയായ രണ്ടാമനെന്നു പറയാം.
സിപിഎമ്മുകാരനെന്നതിനൊപ്പം പാർട്ടിയുടെ സാംസ്കാരിക മുഖവുമാണ് എം.എ. ബേബി. കേരളത്തിൽ നിന്നും വിട്ട് കഴിഞ്ഞ കുറേക്കാലമായി ഡല്‍ഹി കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ച നേതാവായ എം.എ ബേബിയുടെ പേരിനെ എതിര്‍ത്തിരുന്ന ബംഗാള്‍ ഘടകം ഒടുവിൽ പിന്മാറുകയായിരുന്നു. സാഹിത്യ സാംസ്‌കാരിക മേഖലകളില്‍ അന്നും ഇന്നും താത്പര്യം പ്രകടിപ്പിച്ചിരുന്ന ബേബിക്ക് തലയെടുപ്പുള്ള നേതാവെന്നതിനപ്പുറം ഒരു ബുദ്ധിജീവി പരിവേഷം വന്നു ചേരുകയായിരുന്നു.
പരന്ന വായനയും സംസ്കാരിക ഇടപെടലുകളും ആ മേഖലകളിലെ പ്രതിഭകളുമായുള്ള സഹവര്‍ത്തിത്വവും ബേബിയുടെ വ്യക്തിത്വത്തിന് തിളക്കം നല്‍കി. വി.എസ് അച്യുതാനന്ദന്‍ കഴിഞ്ഞാല്‍ പിന്നെ കണ്ണൂര്‍ ലോബിക്കപ്പുറം തലയെടുപ്പുള്ള നേതാവായ എം.എ ബേബിക്ക് പാർട്ടിക്കുള്ളിൽ നിന്നുള്ള പിന്തുണ ഏറെയാണ്. ഏപ്രിൽ 5 ബേബിക്ക് 71ാം പിറന്നാളായിരുന്നു. മാതാവിന്‍റെ മരണശേഷം പിറന്നാളില്ലെന്നായിരുന്നു ബേബിയുടെ പ്രതികരണം. എന്നാല്‍, ഭാര്യ ബെറ്റി ഓർമ്മിപ്പിക്കാറുണ്ടെന്ന് ബേബി മാധ്യങ്ങളോട് പറഞ്ഞു. പിറന്നാള്‍ വിവരം അറിഞ്ഞ് ഏവരും ആശംസയുമായി ബേബിക്ക് ചുറ്റുമുണ്ടായിരുന്നു.
കൊല്ലം ജില്ലയിലെ പ്രാക്കുളത്ത് പി.എം. അലക്സാണ്ടറുടെയും ലില്ലി അലക്സാണ്ടറുടെയും മകനായി 1954 ഏപ്രിൽ 5നായിരുന്നു ജനനം. പ്രാക്കുളം ലോവർ പ്രൈമറി സ്കൂളിലും പ്രാക്കുളം എൻഎസ്എസ് ഹൈസ്കൂളിലും പ്രാഥമിക വിദ്യാഭ്യാസം. ഹൈസ്കൂൾ പഠനകാലത്താണ് ബേബി ആദ്യമായി രാഷ്ട്രീയ പ്രവർത്തനത്തിലേക്ക് ഇറങ്ങുന്നത്. ഹൈസ്കൂൾ പഠനകാലത്ത് എസ്എഫ്ഐയുടെ മുൻഗാമിയായ കെഎസ്എഫ് (കേരള സ്റ്റുഡന്‍റ് ഫെഡറേഷൻ) അംഗമായി.
അക്കാലത്ത് ബേബിയടക്കം നാല് മക്കള്‍ മാത്രമായിരുന്നു ജീവിച്ചിരിപ്പുണ്ടായിരുന്നത്. അമ്മയുടെ നിര്‍ബന്ധത്തിന് വഴങ്ങി മറ്റ് മൂന്നുപേരും പിഎസ്‍സി പരീക്ഷയും ബാങ്ക് പരീക്ഷയുമൊക്കെയെഴുതി സര്‍വീസില്‍ കയറിയെങ്കിലും ബേബി രാഷ്ട്രീയവഴി സ്വീകരിക്കുകയായിരുന്നു. സഹോദരങ്ങളെ പോലെ അമ്മയുടെ ആഗ്രഹപ്രകാരം ബേബിയും ഒരു പരീക്ഷ എഴുതിയെങ്കിലും രാഷ്ട്രീയ പ്രവര്‍ത്തകനാവാന്‍ പേപ്പറില്‍ മനഃപൂര്‍വം ഉത്തരം എഴുതാതെ തിരിച്ചുകൊടുത്തതിനെ കുറിച്ച് ബേബി പലപ്പോഴായി പറഞ്ഞിട്ടുണ്ട്.
പ്രീ-ഡിഗ്രിയും ഡിഗ്രിയും കൊല്ലം എസ്‌എൻ കോളജിലായിരുന്നു. ചേർന്നു. എസ്എഫ്ഐയുടെ സജീവ പ്രവർത്തകനായി മാറി. 1975ൽ എസ്എഫ്ഐയുടെ സംസ്ഥാന പ്രസിഡന്‍റായി. പിന്നാലെ 1979ൽ എസ്എഫ്ഐ അഖിലേന്ത്യാ പ്രസിഡന്‍റ്. 1985ൽ സിപിഎം സംസ്ഥാന കമ്മിറ്റിയിൽ. 1987ൽ ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്‍റ് പദവിയിലെത്തിയ ബേബി 1989ൽ പാർട്ടിയുടെ കേന്ദ്രകമ്മിറ്റിയിലുമെത്തി.
1986ൽ തന്‍റെ 32-ാം വയസിൽ എം.എ ബേബി രാജ്യസഭയിലേക്കു തെരഞ്ഞെടുക്കപ്പെട്ടു. 1992ൽ അദ്ദേഹം വീണ്ടും രാജ്യസഭാംഗമായി, 1998 വരെ തുടർന്നു. 2006 - 2011 കാലഘട്ടത്തിൽ അച്യുതാനന്ദൻ സർക്കാരിൽ വിദ്യാഭ്യാസ മന്ത്രിയായിരുന്നു അദ്ദേഹം. 2012ൽ കോഴിക്കോട് നടന്ന 20-ാമത് പാർട്ടി കോൺഗ്രസിൽ ബേബി പൊളിറ്റ് ബ്യൂറോയിലേക്കെത്തി. 2014ൽ ലോക്സഭാ തെരഞ്ഞെടുപ്പിൽ കൊല്ലത്തുനിന്നു മത്സരിച്ചെങ്കിലും ആർഎസ്പിയുടെ എൻ.കെ.പ്രേമചന്ദ്രനോടു പരാജയപ്പെട്ടു. കുണ്ടറ എംഎല്‍എ ആയിരിക്കെയാണ് ബേബി പാര്‍ലമെന്‍റിലേക്ക് മത്സരിച്ചത്. അന്നു സിറ്റിങ് എംപി ആയിരുന്ന എന്‍. പീതാംബരക്കുറുപ്പിനു പകരം മുന്നണി മാറിയെത്തിയ ആര്‍എസ്പി നേതാവ് എന്‍.കെ പ്രേമചന്ദ്രന്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായത് സിപിഎമ്മിനെ ഞെട്ടിച്ചു. ഒരേ മുന്നണിയില്‍ ഒന്നിച്ചു പ്രവര്‍ത്തിച്ചവര്‍, വി.എസ് സര്‍ക്കാരില്‍ ഒരുപോലെ മന്ത്രിമാരായിരുന്നവര്‍ പൊടുന്നനെയാണ് രണ്ടു ചേരികളിലായി ഏറ്റുമുട്ടിയത്. എന്നാല്‍ സ്വന്തം മണ്ഡലമായ കുണ്ടറയില്‍പോലും ബേബിക്കു ലീഡ് നിലനിര്‍ത്താനാകാതിരുന്നത് പാര്‍ട്ടിയില്‍ ഏറെ വിവാദങ്ങള്‍ക്കും വഴിവച്ചിരുന്നു. ബിജെപിക്കെതിരേ ദേശീയതലത്തില്‍ നടക്കാറുള്ള സിപിഎം- കോണ്‍ഗ്രസ് ചര്‍ച്ചകളിലെ പ്രമുഖനുമായ ബേബി സോണിയാ ഗാന്ധിയടക്കമുള്ള കോണ്‍ഗ്രസ് നേതാക്കളുമായി അടുത്ത സൗഹൃദത്തിലുമാണ്. ബെറ്റി ലൂയിസാണ് എം.എ. ബേബിയുടെ ഭാര്യ. മകൻ അശോക് ബെറ്റി നെൽസൺ.