

ബെന്നി ബെഹനാൻ, ഷാഫി പറമ്പിൽ, കെ.സി. ജോസഫ്
തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശനെതിരേ പാർട്ടിക്കുള്ളിൽ പോര് മുറുകുന്നു. സർക്കാരിന്‍റെ ഭരണം ശരിയല്ലെന്നാരോപിച്ച് കോൺഗ്രസ് എ ഗ്രൂപ്പ് ഹൈക്കമാൻഡിനെ സമീപിച്ചു.
നേരത്തെ യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് കേന്ദ്രനേതൃത്വത്തിന് മുന്നിൽ പരാതി നൽകിയിരുന്നു. എന്നാലിത്തവണ സംഘടിതമായാണ് സർക്കാരിനെതിരേ നേതാക്കൾ രംഗത്തെത്തിയിരിക്കുന്നത്.
പാർട്ടിയിലും സർക്കാരിലും കടുത്ത അവഗണന നേരിടുന്നുവെന്നും നിലവിലെ രീതിയിലുള്ള പോക്ക് ശരിയല്ലെന്നും ചൂണ്ടിക്കാട്ടിയാണ് എ ഗ്രൂപ്പ് നേതാക്കൾ ഡൽഹിയിലെത്തി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുന ഖാർഗെയെ നേരിൽ കണ്ട് പരാതി അറിയിച്ചത്. ഗ്രൂപ്പ് എന്ന നിലയിൽ ഹൈക്കമാൻഡിന് നൽകുന്ന ആദ്യ പരാതിയാണിത്. ബെന്നി ബെഹനാൻ, കെ.സി. ജോസഫ്, ഷാഫി പറമ്പിൽ എന്നിവരാണ് കേന്ദ്ര നേതൃത്വത്തിന് മുന്നിൽ അതൃപ്തി വ്യക്തമാക്കിയത്.
പാർട്ടിയും സർക്കാരും തമ്മിൽ കൃത്യമായ ഏകോപനമില്ല, പല പ്രധാന തീരുമാനങ്ങളും കെപിസിസി അധ്യക്ഷൻ പോലും അറിയുന്നില്ല തുടങ്ങി നിരവധി ആരോപണങ്ങൾ പരാതിയിൽ പരാമർശിക്കുന്നു. പാർട്ടി സജീവമല്ലെന്നും നിശ്ചലമാണെന്നും പരാതിയിൽ പറയുന്നു. പല അവഗണനകളും ഇതുവരെ സഹിച്ചു. ഇനി മിണ്ടാതിരിക്കാനാകില്ലെന്നും എ ഗ്രൂപ്പ് വ്യക്തമാക്കുന്നു. കൂടിക്കാഴ്ചയെക്കുറിച്ച് മാധ്യമങ്ങളോട് പ്രതികരിക്കാൻ ബെന്നി ബെഹനാൻ തയ്യാറായില്ല.