

എ. പദ്മകുമാർ
പത്തനംതിട്ട: ശബരിമല യുവതീപ്രവേശന സമയത്ത് തന്നെയും എഡിജിപി എസ്.ശ്രീജിത്തിനെയും ആസൂത്രിതമായി സന്നിധാനത്തു നിന്ന് മാറ്റി നിർത്തിയെന്ന വെളിപ്പെടുത്തലുമായി മുൻ ദേവസ്വം ബോർഡ് പ്രസിഡന്‍റ് എ. പദ്മകുമാർ. ആത്മകഥയിൽ ഇക്കാര്യങ്ങൾ ഉൾപ്പെടുത്തുമെന്ന് അദ്ദേഹം സുഹൃത്തുക്കളോടാണ് വെളിപ്പെടുത്തിയിരിക്കുന്നത്. 2019 ജനുവരി ഒന്നിനാണ് ബിന്ദു അമ്മിണിയും കനകദുർഗയും ശബരിമലയിൽ പ്രവേശിച്ചത്.
ആ ദിവസം സന്നിധാനത്തേക്ക് താൻ പുറപ്പെട്ടിരുന്നുവെന്നും പാതി വഴിയിൽ എത്തിയപ്പോൾ തിരുവനന്തപുരത്തേക്ക് ചെല്ലാനും പാർട്ടിയിലും ഭരണത്തിലും ഒരു പോലെ സ്വാധീനമുള്ള പ്രമുഖ നേതാവിനെ കാണാനും നിർദേശം ലഭിച്ചുവെന്നുമാണ് പദ്മകുമാർ പറയുന്നത്. അതേത്തുടർന്ന് സന്നിധാനത്തേക്ക് പോകാതെ തിരുവനന്തപുരത്തേക്ക് പോയി. രാത്രി ഒരു മണിയോടെ അവിടെ എത്തിയെങ്കിലും ഉന്നതനെ കാണാൻ സാധിച്ചില്ല. രാവിലെ അഞ്ചരയോടെ നേതാവ് നടക്കാനിറങ്ങുമ്പോൾ കാണാം എന്നായിരുന്നു പദ്മകുമാറിനോട് പൊലീസ് അറിയിച്ചത്. അതിനായി ഇറങ്ങും മുൻപേ ടിവി വച്ചു നോക്കിയപ്പോഴാണ് യുവതികൾ ശബരിമലയിൽ പ്രവേശിച്ചത് അറിഞ്ഞത്. തന്നോട് ഈ ചതി വേണ്ടായിരുന്നുവെന്ന് ഉന്നതനോട് നേരിട്ട് പറഞ്ഞുവെന്നും പിറ്റേദിവസം രാജിക്കത്തുമായി തനിക്ക് വളരെ അടുപ്പമുള്ളൊരാളെ കണ്ട് ഇക്കാര്യങ്ങൾ സംസാരിച്ചുവെന്നും അദ്ദേഹമാണ് രാജി വിലക്കിയതെന്നും പദ്മകുമാർ പറയുന്നു.
ഡിജിപി വിളിപ്പിച്ചതിനെത്തുടർന്നാണ് ശ്രീജിത്തിന് സന്നിധാനത്തു നിന്ന് മാറി നിൽക്കേണ്ടി വന്നതെന്നും അദ്ദേഹം പറയുന്നു. ശബരിമല പ്രക്ഷോഭ സമയത്തു തന്നെ തന്‍റെ വീട്ടിലെ സ്ത്രീകൾ ശബരിമലയിൽ കയറില്ലെന്ന് പദ്മകുമാർ പ്രഖ്യാപിച്ചിരുന്നു. ഇതേ തുടർന്നാണ് ആസൂത്രണം നടന്നതെന്നും ആരോപണമുണ്ട്. എന്നാൽ അച്ചടക്കനടപടി ഒഴിവാക്കാനുള്ള പദ്മകുമാറിന്‍റെ സമ്മർദ തന്ത്രമാണിതെന്നാണ് ഇടതുപക്ഷത്തിന്‍റെ ആരോപണം.
ശബരിമലയിലെ സ്വർണക്കൊള്ളക്കേസിലെ പ്രതിയാണ് പദ്മകുമാർ. എന്നാൽ രജിസ്റ്ററിൽ ചെമ്പുപാളിയെന്ന് എഴുതിയതിൽ ഒപ്പിടാൻ തന്നെ നിർബന്ധിക്കുകയായിരുന്നുവെന്നാണ് പദ്മകുമാറിന്‍റെ വാദം. നിലവിൽ സിപിഎമ്മുമായി അകന്നു നിൽക്കുകയാണ് പദ്മകുമാർ.