

തിരുവനന്തപുരത്ത് പേവിഷബാധയേറ്റ് ചികിത്സയിലായിരുന്ന ഏഴു വയസുകാരി മരിച്ചു
തിരുവനന്തപുരം: പേവിഷ ബാധയേറ്റ് തിരുവനന്തപുരം എസ്എടിയിൽ ചികിത്സയിലായിരുന്ന ഏഴ് വയസുകാരി മരിച്ചു. കൊല്ലം വിളക്കൊടി കുന്നിക്കോട് സ്വദേശി നിയയാണ് മരിച്ചത്. വെന്‍റിലേറ്ററിന്‍റെ സഹായത്തിലായിരുന്നു കുട്ടി.
ഏപ്രിൽ എട്ടിന് വീട്ടുമുറ്റത്തിരിക്കുമ്പോഴാണ് താറാവിനെ ഓടിച്ചെത്തിയ പട്ടി നിയയെ കടിച്ചത്. ഉടൻ തന്നെ ഐഡിആർവി ഡോസ് എടുത്തിരുന്നു. ഒപ്പം ആന്‍റീ റാബിസ് സിറവും നൽകിയിരുന്നു. പിന്നീട് മൂന്ന് തവണ കൂടി ഐഡിആർവി നല്‍കി.
ഇതിൽ മെയ് ആറിന് ഒരു ഡോസ് മാത്രമാണ് ബാക്കിയുണ്ടായിരുന്നത്. ഇതിനിടെ ഏപ്രിൽ 28 ന് കുട്ടിക്ക് പനി ബാധിച്ചപ്പോൾ പരിശോധിച്ചു. അപ്പോഴാണ് പേവിഷ ബാധയേറ്റെന്ന് മനസിലായത്.
യഥാസമയം വാക്സീനെടുത്തതിനാൽ പേവിഷ ബാധയേൽക്കില്ലെന്ന വിശ്വാസത്തിലായിരുന്നു കുടുംബവും നാട്ടുകാരും. അതിനാൽ തന്നെ പിന്നീടാരും പട്ടിയെ കുറിച്ച് അന്വേഷിച്ചിരുന്നില്ല.